ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സംഘർഷം രൂക്ഷമായ യുക്രൈനിൽ നിന്നും 21 കുട്ടികൾ ക്യാൻസർ ചികിത്സയ്ക്കായി യുകെയിൽ എത്തിയെന്നു ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. പോളിഷ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ ക്രമീകരിച്ച അടിയന്തര വിമാനത്തിലാണ് കുട്ടികളും അവരുടെ മാതാപിതാക്കളും എത്തിയത്. എൻഎച്ച്എസിലേക്ക് അയക്കുന്നതിന് മുമ്പ് കുട്ടികളെ ഡോക്ടർമാർ പരിശോധിക്കും. സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട യുക്രൈനിയൻ കുട്ടികൾക്ക് വൈദ്യസഹായം നൽകുന്നതിൽ യുകെ അഭിമാനിക്കുന്നെന്ന് ജാവിദ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“എൻഎച്ച്എസിലെ ജീവനക്കാർ കുട്ടികൾക്ക് മികച്ച പരിചരണം നൽകുമെന്ന് എനിക്കുറപ്പാണ്.” ജാവിദ് കൂട്ടിച്ചേർത്തു. സതാംപ്ടൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഒൻപത് ഡോക്ടർമാരാണ് കുട്ടികളെ എത്തിക്കാൻ പോളണ്ടിലേക്ക് പോയത്. റഷ്യൻ സൈനിക ആക്രമണം പടിഞ്ഞാറൻ മേഖലകളിലേക്കും വ്യാപിച്ചതോടെ യുക്രൈനിൽ സ്ഥിതി ആശങ്കാജനകമാണ്.

യുദ്ധത്തെ തുടർന്ന് നിരവധി യുക്രൈൻ പൗരന്മാർ ചികിത്സ കിട്ടാതെ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ചികിത്സ ആവശ്യമുള്ള നിരവധി കുട്ടികളെ പോളണ്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മിക്കവരും ഗുരുതരാവസ്ഥയിലാണ് എത്തുന്നത്. ഇതുവരെ 650,000-ത്തിലധികം മെഡിക്കൽ ഉപകരണങ്ങൾ യുക്രൈനിലേക്ക് അയച്ചിട്ടുണ്ടെന്ന് സാജിദ് ജാവിദ് വെളിപ്പെടുത്തി. എട്ടു വിമാനങ്ങളിലായി തീവ്രപരിചരണത്തിനുള്ള ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ യുക്രൈനിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.