ന്യൂസ് ഡെസ്ക് മലയാളം യുകെ
വടക്ക് പടിഞ്ഞാറൻ ചൈനയിൽ ദീർഘദൂര ഓട്ടത്തിൽ പങ്കെടുത്ത 21 പേർ പ്രതികൂല കാലാവസ്ഥ മൂലം മരണമടഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാൻസു പ്രവിശ്യയയിലെ വിനോദസഞ്ചാരകേന്ദ്രമായ യെല്ലോ റിവർ സ്റ്റോൺ ഫോറസ്റ്റിലെ 100 കിലോമീറ്റർ അൾട്രാ മാരത്തണിലാണ് കാറ്റും മഴയും ഒട്ടേറെ കായികതാരങ്ങളുടെ ജീവനെടുത്തത്. 172 ഓട്ടക്കാരിൽ ചിലരെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ദുരന്തത്തെക്കുറിച്ച് പുറംലോകത്ത് വിവരം ലഭിച്ചത് . രക്ഷപ്പെട്ട 151 ഓട്ടക്കാരും സുരക്ഷിതരാണെന്നും എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച മാരത്തണിൽ ചില മത്സരാർത്ഥികൾ വെറും ഷോർട്ട്സും ടി-ഷർട്ടും ധരിച്ചാണ് പങ്കെടുത്തത്. മത്സരം ആരംഭിച്ച് മൂന്ന് മണിക്കൂറിനുശേഷം കാറ്റും കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായതാണ് താപനില കുറയാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. മോശം കാലാവസ്ഥ മൂലം പല ഓട്ടക്കാർക്കും വഴിതെറ്റിയതായും സംശയിക്കുന്നു. ഡ്രോണുകളുടെയും റഡാറുകളുടെയും സഹായത്തോടെ 1200 ലധികം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത് . മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് ചൈനയിലെ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.











Leave a Reply