ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെങ്ങും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ നിയമത്തിന് മുൻപിൽ കൊണ്ടു വരുന്നതിനുള്ള പരിശോധന പോലീസ് ശകത്മാക്കി. നോർത്ത്ഹാംപ്റ്റൺഷയറിൽ മാത്രം പൊലീസ് 24 പേരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തു. ഇതോടെ ഡിസംബർ 1 മുതൽ 30 വരെ നടപ്പാക്കിയ വാർഷിക ക്യാമ്പെയ്നായ “ഓപ്പറേഷൻ ലിമിറ്റ് ” വഴി ഇവിടെ അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞത് 99 ആയി. ഉത്സവ സീസണിൽ റോഡുകളിൽ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക നടപടി.

ഡിസംബർ മാസമാകെ വർധിപ്പിച്ച പട്രോളിങ്, പുലർച്ചെയുളള റോഡ്സൈഡ് പരിശോധനകൾ, മദ്യലഹരി മാറാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള മുൻകരുതൽ ഓപ്പറേഷനുകൾ തുടങ്ങിയവയാണ് ക്യാമ്പെയ്നിന്റെ പ്രധാന സവിശേഷതകൾ. ‘നെയിമിംഗ് ആൻഡ് ഷെയിമിംഗ്’ എന്ന കർശന സമീപനത്തിന്റെ ഭാഗമായി, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ച കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരുടെ പേരുകൾ പൊലീസ് അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും പരസ്യമായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഡിസംബർ 23 വരെ 57 പേർ മദ്യപിച്ച് വാഹനം ഓടിച്ചതിനും 18 പേർ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചതിന് പിടിയിലായി.
കേസുകളിലെ പ്രതികളിൽ പലരും കോർബി, കെറ്ററിംഗ്, നോർത്ത്ഹാംപ്റ്റൺ എന്നിവിടങ്ങളിൽ നിന്നുള്ളവരായതുകൊണ്ട് ജനുവരി 2026-ൽ നോർത്ത്ഹാംപ്റ്റൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനാണ് സാധ്യത.

ലഹരി ഉപയോഗിച്ച ശേക്ഷം വാഹനം ഓടിക്കുന്നവർക്കെതിരെ ഡിസംബർ തുടക്കത്തിൽ ആരംഭിച്ച വാർഷിക കർശന പരിശോധനയുടെ ഭാഗമായി വെസ്റ്റ് യോർക്ഷയർ പൊലീസ് ഒരാഴ്ചയ്ക്കിടെ 77 പേരെ അറസ്റ്റ് ചെയ്ത വാർത്ത നേരെത്തെ പുറത്ത് വന്നിരുന്നു . ക്രിസ്മസ് വാരത്തിൽ മാത്രം പിടിയിലായവരിൽ 26 പേർ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 51 പേർ മദ്യപിച്ചുള്ള ഡ്രൈവിംഗിനുമാണ് സംശയിക്കപ്പെടുന്നത്. ക്യാമ്പെയ്ൻ ആരംഭിച്ചതിനുശേഷം ഇതുവരെ മൊത്തം 266 അറസ്റ്റുകൾ രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. യുകെയിൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെടുന്നവർക്ക് കുറഞ്ഞത് 12 മാസത്തെ ഡ്രൈവിംഗ് നിരോധനം, പരിധിയില്ലാത്ത പിഴ, ആറുമാസം വരെ തടവ് എന്നിവ നേരിടേണ്ടിവരും. കൂടാതെ സ്ഥിരമായ ക്രിമിനൽ റെക്കോർഡ് ഉണ്ടാകുന്നത് തൊഴിലിനേയും ഡ്രൈവിംഗ് ലൈസൻസിനെയും ഉൾപ്പെടെ ബാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ലഹരിയിൽ വാഹനമോടിക്കുന്നതായി സംശയം തോന്നിയാൽ 101 എന്ന നമ്പറിലോ, അജ്ഞാതമായി ക്രൈംസ്റ്റോപ്പേഴ്സിന്റെ 0800 555 111 എന്ന നമ്പറിലോ അറിയിക്കാമെന്നും അടിയന്തര സാഹചര്യങ്ങളിൽ 999 വിളിക്കണമെന്നും അധികൃതർ വ്യക്തമാക്കി.











Leave a Reply