ഡൽഹിയിൽ വനിത സബ് ഇൻസ്‌പെക്ടറെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു. രോഹിണി (ഈസ്റ്റ്) മെട്രോ സ്റ്റേഷനു സമീപത്തുവച്ച് ഇന്നലെ വൈകീട്ടായിരുന്നു സംഭവം. എസ്ഐ പ്രീതി അഹ്‌ലാവത് (26) ആണ് കൊല്ലപ്പെട്ടത്. വെടിവച്ച സഹപ്രവർത്തകനായ ദീപാൻഷു റാത്തി പിന്നീട് ആത്മഹത്യ ചെയ്തു.
പ്രീതിയെ ദീപാൻഷു പിന്തുടരുന്നതും മെട്രോ സ്റ്റേഷനു പുറത്തെത്തിയതും തൊട്ടടുത്തുനിന്ന് തലയിൽ വെടിവയ്ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 2018 ബാച്ച് സബ് ഇൻസ്‌പെക്ടറായ പ്രീതി രോഹിണി സെക്ടർ 8 ൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
”ഈസ്റ്റ് ഡൽഹിയിലെ പട്‌പട്‌ഗൻജ് ഇൻസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിലാണ് പ്രീതിയെ പോസ്റ്റ് ചെയ്തിരുന്നത്. രാത്രി 8.30 ഓടെ സ്റ്റേഷനിൽനിന്നും ഇറങ്ങി. പ്രീതി യൂണിഫോമിൽ അല്ലായിരുന്നു. 9.30 ഓടെയാണ് മെട്രോ സ്റ്റേഷനിൽനിന്നും പുറത്തെത്തിയത്. അവിടെനിന്നും 50 മീറ്റർ നടക്കുന്നതിനിടയിലായിരുന്നു സംഭവം. വെടിയേറ്റ പ്രീതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു,” മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.
പ്രീതിയെ ദീപാൻഷുവിന് ഇഷ്ടമായിരുന്നെന്നും വിവാഹ അഭ്യർഥന നടത്തിയിരുന്നതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ പ്രീതി വിവാഹ അഭ്യർഥന നിരസിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.
Leave a Reply