ബോഡോ തീവ്രവാദികളാണെന്ന വിവരം കിട്ടിയതിനെത്തുടർന്ന് മൂന്ന് പേരെ പൊലീസ് പിടിച്ചത് നാടകീയ നീക്കത്തിലൂടെ. അസമിലെ കൊക്രജാർ ജില്ലയിൽനിന്നുള്ള മനു ബസുമതാരി (ബി. മെഹർ–25), പ്രീതം ബസുമതാരി (24), ധൂംകേതു ബ്രഹ്മ (ബി. ധലഞ്ജ്–35) എന്നിവരാണു പിടിയിലായത്.
വിറകു ശേഖരിക്കാനെന്ന വ്യാജേന പെട്ടി ഓട്ടോറിക്ഷയിൽ പുലർച്ചെ എത്തിയ പൊലീസ് സംഘം അവർ ജോലി ചെയ്തുവന്ന മണ്ണൂരിൽ പ്ലൈവുഡ് കമ്പനിക്കകത്തും പുറത്തും കാവൽ നിൽക്കുകയായിരുന്നു.
ഉള്ളിൽ കടന്ന മറ്റൊരു സംഘം മലമ്പനി പരിശോധിക്കാനെന്ന ഭാവേന തൊഴിലാളികളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണു മൂവരും അറസ്‍റ്റിലാകുന്നത്. അസമിലെ കൊക്രജാർ ജില്ലയിൽനിന്നുള്ള മനു ബസുമതാരി (ബി. മെഹർ–25), പ്രീതം ബസുമതാരി (24), ധൂംകേതു ബ്രഹ്മ (ബി. ധലഞ്ജ്–35) എന്നിവരാണ് പിടിയിലായത്.
ഇവർക്ക് ആയുധപരിശീലനം ലഭിച്ചിട്ടുണ്ടെന്ന വിവരമുള്ളതിനാൽ പൊലീസ് കരുതലോടെയാണു നീങ്ങിയത്. സാധാരണ വേഷത്തിലും അല്ലാതെയും വൻ പൊലീസ് സംഘം പരിസരത്തു നിലയുറപ്പിച്ചിരുന്നു. 3 പേരെയും കുന്നത്തുനാട് സ്‍റ്റേഷനിലേക്കു മാറ്റിയശേഷമാണ‍് സംഭവത്തിന്റെ ഗൗരവം നാട്ടുകാർ മനസ്സിലാക്കിയത്.
മറ്റുള്ളവരുമായി അധികം സൗഹൃദം പുലർത്താതെയാണിവർ കമ്പനിയിൽ കഴിഞ്ഞിരുന്നത്. എന്നാൽ, ഏൽപിക്കുന്ന പണി നന്നായി ചെയ്യും. ഇവിടെ എത്തിയശേഷം അധികം പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. പെരുമ്പാവൂർ ഡിവൈഎസ്‍പി ജി. വേണു, കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ.
കുന്നത്തുനാട്, പെരുമ്പാവൂർ, കോടനാട് എന്നീ സ്‍റ്റേഷനുകളിലെ എസ്ഐമാരും പരിശോധനയിൽ പങ്കെടുത്തു.ഇവർ പൊലീസിനു കൈമാറിയ തിരിച്ചറിയൽ രേഖകൾ വിശദമായി പരിശോധിച്ചു വരികയാണ്. കൂടുതൽ ആളുകൾ ഇത്തരത്തിൽ മേഖലയിൽ എത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Leave a Reply