ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച് എസ് ഇംഗ്ലണ്ടിൽ സമൂലമായ മാറ്റങ്ങൾ ആണ് ലേബർ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിൻറെ ഭാഗമായി ഏകദേശം 10,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് തുടക്കത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ വരാനിരിക്കുന്ന സമൂലമായ മാറ്റങ്ങൾ ഇതിൽ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. നഷ്ടപ്പെടുന്ന പോസ്റ്റുകളുടെ എണ്ണം 20,000 ത്തിനും 30.000 ത്തിനും ഇടയിൽ ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൻഎച്ച്എസ് ഇംഗ്ലണ്ടിലും ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിലും പ്രവർത്തിച്ചിരുന്ന 10000 പേരുടെ ജോലി പോകും എന്നത് കഴിഞ്ഞ ദിവസം തന്നെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ 42 ഇൻ്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ (ഐ സി ബി) പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ റോളുകൾ ഒഴിവാക്കപ്പെടും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വർഷാവസാനത്തോടെ അവരുടെ നടത്തിപ്പ് ചിലവ് 50 ശതമാനം കുറയ്ക്കാനാണ് എൻ എച്ച് എസ് ഇംഗ്ലണ്ടിൻ്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായ സർ ജിം മക്കി ഐസിബികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഐസിബികളിൽ 25,000 പേർ ജോലി ചെയ്യുന്നു. ഇതിൽ പകുതി പേരുടെയും ജോലി നഷ്ടമാകും 12,500 പോസ്റ്റുകൾ എങ്കിലും ഇല്ലാതാകുമെന്ന് മുതിർന്ന എൻഎച്ച്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, എച്ച്ആർ, ഫിനാൻസ്, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ കോർപ്പറേറ്റ് സേവനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഇംഗ്ലണ്ടിലുടനീളം പരിചരണം നൽകുന്ന 220 എൻഎച്ച്എസ് ട്രസ്റ്റുകളോടും മക്കി ഉത്തരവിട്ടിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് ജോലി നഷ്‌ടപ്പെടാൻ കാരണമാകും.

ദേശീയ ആരോഗ്യ സേവനത്തിന്റെ ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിലൂടെ ആരോഗ്യസേവനങ്ങളുടെ നിയന്ത്രണം സർക്കാർ നേരിട്ട് ഏറ്റെടുക്കുക എന്ന സുപ്രധാനമായ നീക്കമാണ് കെയർ സ്റ്റാർമർ സർക്കാർ നടത്തിയിരിക്കുന്നത്. ഈ നടപടിയിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഭരണപരമായ ചിലവുകൾ കുറയ്ക്കാനും കൂടുതൽ പണം രോഗികൾക്ക് നേരിട്ട് സേവനം ലഭിക്കുന്ന വിവിധ മേഖലകളിലേയ്ക്ക് എത്തിക്കാനും സാധിക്കും. ഇത് കൂടാതെ എൻഎച്ച്എസ് ഇംഗ്ലണ്ടിനും ഗവൺമെൻറ് ആരോഗ്യവകുപ്പിനും ഒട്ടേറെ കാര്യങ്ങൾ പൊതുവായി ചെയ്യുന്ന വിഭാഗങ്ങൾ ഉണ്ട് . ഇത്തരം വിഭാഗങ്ങളുടെ ലയനത്തിലൂടെ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്ന നേട്ടവുമുണ്ട്. ചുരുക്കത്തിൽ നിലവിലെ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവർത്തനങ്ങൾ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ കീഴിലേയ്ക്ക് മാറ്റപ്പെടും. ചുരുക്കം പറഞ്ഞാൽ എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിലൂടെ ആരോഗ്യ സേവനങ്ങളുടെ ഭരണപരമായ ഘടനയിൽ മാറ്റം വരുത്തി കൂടുതൽ കാര്യക്ഷമതയും പണം ലാഭിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള നടപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇത് ആരോഗ്യ സംവിധാനത്തിൻ്റെ തലപ്പത്തുള്ള മാറ്റം ആയതുകൊണ്ട് നിലവിൽ ജോലി ചെയ്യുന്ന നേഴ്സുമാരെയോ അവരുടെ തൊഴിൽ സാഹചര്യങ്ങളെയോ നേരിട്ട് ബാധിക്കില്ല. ഈ മാറ്റത്തിലൂടെ കൂടുതൽ ശ്രദ്ധ രോഗികൾക്ക് നൽകുന്ന സേവനങ്ങളിലേയ്ക്ക് തിരിക്കാനാണ് ഗവൺമെൻറ് ലക്ഷ്യം ഇടുന്നത്. അതുകൊണ്ടു തന്നെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങളും പിൻതുണയും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.