ന്യൂസ് ഡെസ്ക് മലയാളം യുകെ

കാറ്റി കോറിഗൻ എന്ന നേഴ്സിന്റേത് ആരോഗ്യരംഗത്ത് ആയിരുന്നിട്ടുകൂടി ദാരുണമായ മരണമാണ്. ഒരു ജീവിതകാലം മുഴുവൻ മോഹിച്ചു നേടിയ ജോലിയായ നഴ്സിംഗ് മേഖലയിൽ നിന്ന് സ്വന്തമായി മരുന്നിന് പ്രിസ്ക്രിപ്ഷൻ എഴുതിയതിനാൽ കേറ്റി പുറത്താക്കപ്പെട്ടിരുന്നു. ‘ മക്കളുടെ സ്നേഹമയിയായ, കാരുണ്യവതിയായ അമ്മ കോഡീൻ എന്ന മരുന്നിന് അടിമയായിരുന്നു എന്ന് ആർക്കും വിശ്വസിക്കാനായിട്ടില്ല.

ജീവിതം നൽകിയ തിരിച്ചടികളെ അതിജീവിക്കാനാവാതെ കേറ്റി ഉത്കണ്ഠക്കും ഡിപ്രഷനും അടിമയാകുകയായിരുന്നു. പെൻസാസിലെ കോൺവാൾ ഹോസ്പിറ്റലിൽ നിന്നും സ്വന്തം കാറിലേക്ക് നടക്കുകയായിരുന്ന കേറ്റി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു. ഇക്കാര്യം അവർ ഭർത്താവിനോടോ മാതാപിതാക്കളോടോ പങ്കു വെച്ചിരുന്നില്ലെന്ന് മാതാവ് ക്രിസ്റ്റീൻ ടൈലർ പറഞ്ഞു. ഇത് കനത്ത നിരാശയ്ക്കും പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ്സ് സിൻഡ്രോമിനും വഴിവെച്ചു. അതിനെത്തുടർന്നാണ് സ്വന്തമായി കുറിപ്പടി എഴുതി മരുന്നെടുത്തു തുടങ്ങിയത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ അവർക്ക് ജോലി നഷ്ടപ്പെട്ടു. ജീവിതം മുഴുവൻ സ്വപ്നംകണ്ട് നേടിയ ജോലിയാണ് ഒറ്റദിവസം ഇല്ലാതെയായത്.

2017 ക്രിസ്മസ് വൈകുന്നേരം ഭർത്താവിന് മറ്റൊരു ബന്ധമുണ്ട് എന്ന് കേറ്റിയുടെ മുഖത്തടിച്ച പോലെ പറയുകയും വീടുവിട്ടു പോവുകയും ചെയ്തു. മക്കളെ കാണാൻ കേറ്റിയെ അവർ അനുവദിക്കുമായിരുന്നില്ല. കുഞ്ഞുങ്ങളുടെ നിയന്ത്രണം ഏതാണ്ട് പൂർണ്ണമായി ഭർത്താവും പുതിയ പങ്കാളിയും ഏറ്റെടുക്കുകയായിരുന്നു.

2018 ൽ കരളിനെ അസുഖം ബാധിച്ച് കേറ്റി ചികിത്സ തേടിയിരുന്നു. 2019 ലാണ് ഓൺലൈനിലൂടെ കോഡീൻ വാങ്ങി കഴിച്ചു തുടങ്ങിയത്. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം സ്വന്തം മക്കളെ കാണാനോ വൈദ്യസഹായം തേടാനോ കഴിയാതെ പോയ കേറ്റിയുടെ മരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉണങ്ങാത്ത മുറിവാണ്.

ഒരിക്കൽ എല്ലാം ഉണ്ടായിരുന്ന ഒരുവൾക്ക് ഒന്നൊന്നായി ജീവിതം കൈവിട്ടു പോയത് തൊട്ടുമുൻപിൽ ഉണ്ടായിരുന്നിട്ടു കൂടിയും അറിയാനാവാതെ പോയതിന്റെ വേദനയിലാണ് അവരിപ്പോഴും.