സിഡ്നി: ഭൂമിയേക്കാള്‍ പഴക്കമുളള ഉല്‍ക്കാശില കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ ആസ്ട്രേലിയയിലെ ഉണങ്ങിയ തടാകത്തിന്റെ ഉള്ളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വിവരങ്ങള്‍ നല്കാന് ഇത് ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്. പെര്‍ത്തിലെ കര്ട്ടിന് സര്‍വകലാശാലയിലെ ഭൗമശാസ്ത്രഗവേഷകരാണ് ഈ ഉല്‍ക്ക കണ്ടെത്തിയത്. ഒന്നേമുക്കാല്‍ കിലോയോളം ഭാരമുണ്ടിതിന്. ഒരു കനത്ത മഴയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ ഉല്‍ക്ക കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞത് എന്നതും ഏറെ ശ്രദ്ധേയമാണ്. മഴയ്ക്കു ശേഷമായിരുന്നെങ്കില്‍ ഇത് ഭൂമിയിലിടിച്ചിറങ്ങിയതിന്റെ അടയാളങ്ങളുള്‍പ്പെടെ മാഞ്ഞു പോകുമായിരുന്നു.
വരണ്ട തടാകത്തില്‍ സ്ഥാപിച്ചിരുന്ന അഞ്ച് ക്യാമറകളില്‍ ഒന്നാണ് ഈ ഉല്‍ക്കയെ കാട്ടിത്തന്നത്. ചിത്രങ്ങളുപയോഗിച്ച് ഗവേഷകര്‍ ഉല്‍ക്ക കണ്ടെത്തുകയായിരുന്നു. തടാകത്തിനടിയിലേക്ക് അഞ്ഞൂറ് മീറ്റര്‍ എത്തിയപ്പോഴേക്കും ഉല്‍ക്ക കണ്ടെത്താനായി. മൂന്ന് ദിവസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഈ ഉല്‍ക്ക ഭൂമിയില്‍ പതിച്ച സ്ഥലം ഗവേഷകര്‍ക്ക് കണ്ടെത്താനായത്. പുതുവര്‍ഷരാവിലാണ് ഇത് ഭൂമിയില്‍ പതിച്ചത്. ഒരു ഡ്രോണും ഗവേഷകരായ റോബര്‍ട്ട് ഹോവിയും ഫില്‍ ബ്ലാന്‍ഡും ആയിരുന്നു സംഘത്തിലെ മുഖ്യ ഗവേഷകര്‍. ഇവരെക്കൂടാതെ ഡീന്‍ സ്റ്റുവാര്‍ട്ട്, ഡേവ് സ്ട്രാങ് വായിസ് എന്നീ രണ്ട് പ്രദേശവാസികളായ ആദിവാസികളും ഇവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കി. ഇവരാണ് ഉല്ക്കയിലെ മണ്ണും മറ്റും നീക്കാന്‍ ഗവേഷകരെ സഹായിച്ചത്.
നാനൂറ്റമ്പത് കോടി വര്‍ഷത്തെ പഴക്കം ഇതിനുണ്ടെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. സൗരയൂഥത്തിന്റെ ആദ്യ നാളുകളിലുണ്ടായ വസ്തുക്കളില്‍ ഒന്നാണിതെന്നും അനുമാനിക്കുന്നു. അത് കൊണ്ട് തന്നെ ഭൂമിയുടെയും സൗരയൂഥത്തിന്റെയും ചരിത്രം പറഞ്ഞ് തരാന്‍ ഇതിന് കഴിയുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഭൂമിയിലെ പാറകളെയും മറ്റും പഠിക്കുമ്പോള്‍ അവയെ പരുവപ്പെടുത്താന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി നടത്തിയ ഭൗമ ശക്തികളുടെ പ്രക്രിയകളെക്കുറിച്ച് പരിശോധിക്കാറുണ്ട്.
എന്നാല്‍ ഉല്‍ക്കകളെ സംബന്ധിച്ച് ഇത്തരം ശക്തികളെ പരിഗണിക്കാറില്ല. ഇവയുടെ രാസസംയുക്തങ്ങളെയാണ് പ്രധാനമായും പരിഗണിക്കുക. ഇതിലൂടെ സൗരയുഥത്തിന്റെ ഉത്ഭവ കാലത്ത് ഉണ്ടായിരുന്ന രാസസംയുക്തങ്ങളെക്കുറിച്ച് മനസിലാക്കാനാകും. ഇത് ഭൂമിയുടെ ചരിത്രം മനസിലാക്കാനും നമ്മെ സഹായിക്കും. അതിനായാണ് ബഹിരാകാശ ഏജന്‍സികള്‍ കുളളന്‍ഗ്രഹങ്ങളിലും ഉല്‍ക്കകളിലും ലാന്‍ഡ് പ്രോബ് ദൗത്യങ്ങള്‍ നടത്തുന്നത്. നാസയും ജാക്സയും മറ്റും കോടിക്കണക്കിന് ഡോളറുകളാണ് ഇത്തരം കുളളന്‍ഗ്രഹങ്ങള്‍ക്കും ഉല്‍ക്കകള്‍ക്കും വേണ്ടി ചെലവാക്കുന്നത്. അത് കൊണ്ട് തന്നെ ഇത് ഇവിടെ പതിച്ചത് വലിയൊരു നേട്ടമാണെന്ന് ബ്ലാന്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സാധാരണയായി ഭൂമിയില്‍ പതിക്കുന്ന ഉല്ക്കകള്ക്ക് അവ വീഴുന്ന സ്ഥലത്തിന്റെയോ കണ്ടെത്തുന്ന ആളിന്റെയോ പേരാണ് നല്‍കാറ്. എന്നാല്‍ ഇവിടെ ഗവേഷകര്‍ പ്രദേശത്തെ ഗോത്രവര്‍ഗത്തോട് അവരുടെ ഭാഷയിലുളള ഒരു പേരിടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പത്ത് ഉല്‍ക്കകള്‍ കൂടി പ്രദേശത്ത് വീണതായി ക്യാമറയിലെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഗവേഷകര്‍ ഇവയെക്കുറിച്ചുളള അന്വേഷണം അധികം വൈകാതെ തന്നെ തുടങ്ങുമെന്നാണ് സൂചന.