ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ ആദ്യകാല കോവിഡ് വ്യാപനത്തെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്തു വന്നു. ഇതുപ്രകാരം 10 -ൽ 4 പേർക്കും കോവിഡ് പിടിപെട്ടിരിക്കുന്നത് ആശുപത്രികളിൽ നിന്നാണ്. ആശുപത്രികളിലെ സുരക്ഷാ മുൻകരുതലുകളെ കുറിച്ച് വൻ ചർച്ചയ്ക്കാണ് ഗവേഷണ റിപ്പോർട്ട് വഴിമരുന്നിട്ടിരിക്കുന്നത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻെറയും സംയുക്ത വിശകലനത്തിലാണ് രാജ്യത്തെ ഞെട്ടിച്ച കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം മൂന്നു ദിവസത്തിനുള്ളിലോ ഡിസ്ചാർജ് ചെയ്ത് 14 ദിവസത്തിനുള്ളിലോ കോവിഡ് പോസിറ്റീവ് ആയത് 40.5 ശതമാനം പേർക്കാണ്.
കൊറോണ വൈറസിൻെറ വ്യാപനത്തിൻെറ തുടക്കത്തിൽ പല കെയർ ഹോം അന്തേവാസികളെയും കോവിഡ് ബാധിച്ചത് അറിയാതെ ഡിസ്ചാർജ് ചെയ്തത് സ്ഥിതി ഗുരുതരമാക്കി എന്ന ആക്ഷേപവും ശക്തമാണ്. മതിയായ കോവിഡ് പരിശോധന സംവിധാനങ്ങളുടെ അഭാവം ഇതിന് കാരണമായി എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആശുപത്രികളിലുണ്ടായ അണുബാധയുടെ മൂലകാരണം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന കേസുകളാണെന്നാണ് എൻഎച്ച്എസ് ദേശീയ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പവിസ് അഭിപ്രായപ്പെട്ടത്.
കൊറോണ വൈറസ് വ്യാപനത്തിൻ്റെ തുടക്കം മുതൽ തന്നെ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ദയനീയാവസ്ഥ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ 10 ദശലക്ഷത്തിലധികം ഹൈ ഗ്രേഡ് മാസ്ക്കുകളാണ് എൻഎച്ച്എസ് പിൻവലിച്ചത്. സമാന സാഹചര്യത്തിൽ ചില കൈയ്യുറകളുടെ വിതരണവും ഉപയോഗവും നിർത്തിവെയ്ക്കപ്പെട്ടിട്ടുണ്ട്. വിതരണം ചെയ്തിരുന്ന പല സുരക്ഷാ ഉപകരണങ്ങളും മതിയായ വൈറസ് പരിരക്ഷ നൽകിയിരുന്നില്ല എന്ന വാർത്ത വൻ പ്രതിഷേധമാണ് യുകെയിൽ സൃഷ്ടിച്ചിരിക്കുന്നത്.
Leave a Reply