ദമാസ്‌കസ്: ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിലുള്ള സിറിയയില്‍ ജനങ്ങള്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലാത്തതിനാല്‍ മഡയയില്‍ അകപ്പെട്ടുപോയ 40,000ത്തോളെ പേര്‍ ഇപ്പോള്‍ പച്ചിലകളും പൂവുകളും വേവിച്ച് ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അവിടെ നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇടയ്ക്ക് ഹെലികോപ്റ്ററുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊടുക്കുന്ന ആഹാരപ്പൊതികളാണ് ഇവര്‍ക്ക് ആശ്വാസം. പ്രദേശത്തെ തെരുവു നായ്ക്കളും പൂച്ചകളും വരെ ഇവരുടെ ഭക്ഷണമായിക്കഴിഞ്ഞു. ഇനിയൊന്നും അവശേഷിക്കാത്തതിനാലാണ് ഇവര്‍ പച്ചിലകളെ അഭയം പ്രാപിച്ചിരിക്കുന്നതെന്നാണ് വിവരം.
ആറു മാസത്തിലേറെയായി ഇവിടെ കഴിയുന്ന ആളുകളില്‍ പലരും കടുത്ത പട്ടിണി മൂലം മരിച്ചു. ഇവിടെ നിന്നുള്ള ദൃശ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. മുമ്പ് ഒരു ഹോളിഡേ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തടഞ്ഞുവെയ്ക്കപ്പെട്ട ഇവര്‍ക്ക് താവളമായി ലഭിച്ചിരുന്നു. ഇവിടെ നിന്നുള്ള ഏറ്റവും പുതിയ ദൃശ്യങ്ങളില്‍ പട്ടിണി മൂലം മരിച്ച സ്ത്രീകളുടേയും കുട്ടിുകളുടേയുമൊക്കെ മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നതു കാണാം. മഞ്ഞുകാലം എത്തിയതോടെ വൈദ്യുതിക്ഷാമവും രൂക്ഷമാണ്. ഭക്ഷ്യവസ്തുക്കള്‍ ഒരിടത്തും ലഭ്യമല്ല എന്നതാണ് സ്ഥിതി.
അസദിന്റെ നിയന്ത്രണത്തിലുള്ള സേനയും ലെബനീസ് തീവ്രവാദി സംഘടനയായ ഹെസ്‌ബോള്ളയും ചേര്‍ന്നാണ് ഈ പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. സൈന്യങ്ങള്‍ ഇപ്പോഴും പട്ടണം വളഞ്ഞിരിക്കുകയാണ്. പ്രദേശവാസികള്‍ പുറത്തേ്ക്ക് പോകാതിരിക്കാന്‍ ലാന്‍ഡ് മൈനുകളും പാകിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും പുറത്തു നിന്ന് എത്തിക്കാനുള്ള മാര്‍ഗങ്ങളും ഇവര്‍ അടച്ചിരിക്കുന്നതായാണ് വിവരങ്ങള്‍.
ആഹാരത്തിനായി വളര്‍ത്തു പൂച്ചയെ കൊല്ലുന്നതിന്റേയും ഒലിവിലയും വെള്ളവും ഉപയോഗിച്ച് നിര്‍മിച്ച സൂപ്പ് കുട്ടികള്‍ കുടിക്കുന്നതിന്റേയും ചിത്രങ്ങള്‍ ഇവിടെ നിന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിത്തുന്നുണ്ട്. ഈ പച്ചിലകള്‍ പോലും ഉടന്‍ തീര്‍ന്നു പോയേക്കാമെന്ന ഭീതിയാണ് ഇവര്‍ക്കുള്ളതെന്ന് അല്‍ ജസീറയോട് സംസാരിച്ച ഒരാളുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തികമായി ഉയര്‍ന്നവര്‍ക്കു പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പട്ടണത്തിലുള്ളത്. ഒരു കിലോഗ്രാം അരിയുടെ വില 170 പൗണ്ടിനു തുല്യമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പട്ടിണി മൂലമാണ് ജനങ്ങള്‍ ഏറെയും മരിക്കുന്നത്. പ്രായമായവരും കുട്ടികളും സ്ത്രീകളുമാണ് ഏറെയും മരണത്തിനിരയാകുന്നതെന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍ വ്യക്തമാക്കി. ഇരുപത്തിനാലു മണിക്കൂറും സജ്ജമായി തങ്ങള്‍ രംഗത്തുണ്ട്. ഭക്ഷണം ലഭിക്കാതെ കുഴഞ്ഞു വീഴുന്നവരും അവശ നിലയിലുള്ളവരുമായി നിരവധി പേരാണ് എല്ലാ സമയത്തും തങ്ങള്‍തക്കരികിലെത്തുന്നതെന്നും ഇവര്‍ പറയുന്നു. അസദ് ഭരണകൂടത്തിന്റെ ആസ്ഥാനമായ ദമാസ്‌കസിന് പതിനഞ്ച് മൈല്‍ മാത്രം അകലെയാണ് മഡയ പട്ടണം സ്ഥിതി ചെയ്യുന്നത്.