ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനരികെ ഇന്ത്യ. ധരംശാല ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സ് വിജയലക്ഷ്യം. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 137 റണ്‍സിന് പുറത്തായി. ഉമേഷ് യാദവും അശ്വിനും ജഡേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി . മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍െസടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സില്‍ 332 റണ്‍സെടുത്ത ഇന്ത്യ 32 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 45 റണ്‍സെടുത്ത മാക്സ്‌വെല്ലാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍.
ധരംശാല ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ 32 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയൻ നിര തകർന്നടിയുകയായിരുന്നു. ആറു റണ്ണെടുത്ത ഡേവിഡ് വാര്‍ണറെയും എട്ടു റണ്ണെടുത്ത റെന്‍ഷോയേയും നേഥൻ ലിയോണിനെയും ഉമേഷ് യാദവ് പുറത്താക്കി. 17 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ ഭുവനേശ്വറും 18 റണ്‍സെടുത്ത ഹാന്‍ഡ്സ്കോമ്പിനെയും 45 റൺസെടുത്ത മാക്സ്‌വെല്ലിനെയും ഹേസൽ വുഡിനെയും അശ്വിനും ഒരു റണ്ണെടുത്ത ഷോണ്‍ മാര്‍ഷിനെയും പാറ്റ്കമ്മിൻസിനെയും ഓക്കേഫിയെയും ജഡേജയും വീഴ്ത്തി.
ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 332 റണ്‍സിന് പുറത്തായി. ഏഴാം വിക്കറ്റിലെ സാഹ-ജഡേജ കൂട്ടുകെട്ടിന്റെ 96 റണ്‍സാണ് ഇന്ത്യയെ ലീഡിലേക്ക് എത്തിച്ചത്. ജഡേജ 63ഉം സാഹ 31ഉം റണ്‍സെടുത്തു. ഓസ്ട്രേലിയയ്ക്കായി നേഥന്‍ ലയണ്‍ അഞ്ചും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റ് വീഴ്ത്തി