ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവനക്കാരുടെ ക്ഷാമവും യാത്രക്കാരുടെ ബാഹുല്യവും ബ്രിട്ടീഷ് വ്യോമയാന മേഖലയെ തകർക്കുന്നു. രണ്ട്, മൂന്ന് ടെർമിനലുകളിലൂടെയുള്ള ഷെഡ്യൂളുകളിൽ നിന്ന് പത്തു ശതമാനം വിമാനങ്ങൾ വെട്ടിക്കുറയ്ക്കാൻ എയർപോർട്ട് എയർലൈനുകളോട് ആവശ്യപ്പെട്ടു. ലഗേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം മുപ്പത്തിലേറെ വിമാനങ്ങൾ റദ്ദാക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് ഈ പ്രശ്നം ഉടലെടുത്തത്. ലഗേജ് സിസ്റ്റത്തിന് സംഭവിച്ച ഒരു സാങ്കേതിക തകരാറാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ഹീത്രൂ വിമാനത്താവളാധികൃതര്‍ പറയുന്നു. ജൂലൈ മുതൽ സെപ്തംബർ വരെ ഷെഡ്യൂൾ ചെയ്ത 160,000 ഫ്ലൈറ്റുകളിൽ 7% വെട്ടിക്കുറയ്ക്കാൻ ഈസിജെറ്റ് തീരുമാനിച്ചു.

ഈസിജെറ്റിന്റെ പ്രധാന വിമാനത്താവളമായ ഗാറ്റ്‌വിക്ക്, ജീവനക്കാരുടെ കുറവുകാരണം തങ്ങളുടെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. പതിനായിരക്കണക്കിന് യാത്രക്കാരാണ് ഈ പ്രതിസന്ധിയിൽ വലഞ്ഞത്. വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഈ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഹീത്രൂ വിമാനത്താവള അധികൃതർ.

ഗാറ്റ്‌വിക്ക് കൂടാതെ, ആംസ്റ്റർഡാമിലെ ഷിഫോൾ ഹബ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ കൂടുതൽ ഫ്ലൈറ്റുകൾ റദ്ദാക്കുമെന്ന് ഈസിജെറ്റ് സ്ഥിരീകരിച്ചു. യാത്രക്കാരുടെ നീണ്ട നിരയും സര്‍വ്വീസ് റദ്ദാക്കലുമൊക്കെയായി സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളവും കടുത്ത പ്രതിസന്ധിയിലാണ്. ഇതൊക്കെ ഉടൻ പരിഹരിക്കുമെന്ന് ഹീത്രൂ അധികൃതര്‍ പറയുന്നെങ്കിലും എപ്പോൾ സാധ്യമാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.