തൃശൂർ ∙ 6 ദിവസത്തിനിടെ 7 കൊലപാതകങ്ങൾ. ജില്ലയിൽ തുടരെയുണ്ടാകുന്ന ചോരക്കളികളിൽ ജനം ഭീതിയിൽ. ഒറ്റപ്പെട്ട സംഭവങ്ങൾ മുതൽ സംഘം ചേർന്നുള്ള ആക്രമണങ്ങൾ വരെ ഇതിലുണ്ട്. കഞ്ചാവ് കേസിലെ പ്രതിയെ ജയിൽ അധികൃതർ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതാണ് ഇതിലൊരെണ്ണം. മിക്ക കേസുകളിലും പ്രതികളെ പിടികൂടിയെങ്കിലും ജാഗ്രത കൂട്ടേണ്ട സ്ഥിതിയിലാണു പൊലീസ്. സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു കുന്നംകുളത്തു വെട്ടിക്കൊന്നത്.
രാഷ്ട്രീയ കൊലപാതകമെന്നു സിപിഎം ആരോപിക്കുന്ന കേസിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ കൊലപാതകമെന്നാണു പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കുരിയച്ചിറയിൽ സുഹൃത്തിന്റെ കുത്തേറ്റ വനിതാ ഡോക്ടർ മുവാറ്റുപുഴ സ്വദേശിനി സോന മരണത്തിനു കീഴടങ്ങിയതും കഴിഞ്ഞ ഞായറാഴ്ചയാണ്. പ്രതിയെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. എളനാട് പോക്സോ കേസ് പ്രതി തിരുമണി സതീഷിനെ അയൽവാസി ശ്രീജിത്ത് വെട്ടിക്കൊന്നതു നടുക്കുന്ന സംഭവമായി.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പൊരി ബസാറിൽ വാടകവീട്ടിൽ അഴീക്കോട് കൊട്ടിക്കൽ നടുമുറി രാജേഷ് (44) മരിച്ചതും കൊലപാതകമാണെന്നു തെളിഞ്ഞു. രണ്ടാഴ്ച മുൻപു പ്രഭാത നടത്തത്തിനിടെ കുത്തേറ്റു ചികിത്സയിലായിരുന്ന ഒല്ലൂർ ക്രിസ്റ്റഫർ നഗർ വെളപ്പാടി ശശി (60) മരിച്ചത് ഇന്നലെ. ജയിൽ അധികൃതരുടെ കസ്റ്റഡിയിൽ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മരിച്ചത് കൊലപാതകമാണെന്നു തെളിഞ്ഞത് വെള്ളിയാഴ്ചയാണ്. ഒടുവിൽ, ഇന്നലെ അന്തിക്കാട് മാങ്ങാട്ടുകരയിൽ കൊലക്കേസ് പ്രതിയും ബിജെപി പ്രവർത്തകനുമായ നിധിലിനെ നാലുപേർ ചേർന്നു വെട്ടിക്കൊലപ്പെടുത്തി.
ഈ വർഷം ഇതുവരെ ജില്ലയിൽ നടന്നത് 23 കൊലപാതകങ്ങൾ. 10 മാസത്തിനുള്ളിൽ സിറ്റി പൊലീസ് പരിധിയിൽ 11 കൊലപാതകവും റൂറൽ പൊലീസ് പരിധിയിൽ 12 കൊലപാതകവും റിപ്പോർട്ട് ചെയ്തു. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ 21 കൊലപാതകമാണ്. ജയിൽ കസ്റ്റഡി മരണവും ഇന്നലെ നടന്ന അന്തിക്കാട് കൊലപാതകവും ചേർത്താണ് 23 .
Leave a Reply