ലണ്ടന്‍: ഒരു ചെറിയ ജലദോഷമോ പനിയോ ബ്രിട്ടീഷ് തൊഴിലാളികളെ ജോലിക്കെത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ലെന്ന് സര്‍വേ. ഇന്‍ഷുറന്‍സ് കമ്പനിയായ അവിവ നടത്തിയ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കടുത്ത ജോലിഭാരവും തൊഴിലുടമകള്‍ നടപ്പില്‍ വരുത്തുന്ന നയങ്ങളും മൂലം അസുഖങ്ങളുണ്ടെങ്കിലും ഇവര്‍ ജോലിക്കെത്താന്‍ നിര്‍ബന്ധിതരാകുകയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന പത്തില്‍ ഏഴ് ജീവനക്കാരും ഇത്തരത്തില്‍ ജോലിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടാറുണ്ട്. ദേശീയ തലത്തില്‍ ഇവരുടെ എണ്ണം 18 മില്യന്‍ വരുമെന്നാണ് കണക്ക്.
ജീവനക്കാരുടെ ആരോഗ്യത്തേക്കാള്‍ കമ്പനിയുടെ പ്രകടനമാണ് തങ്ങളുടെ തൊഴിലുടമകളുടെ പരിഗണനയെന്ന് സര്‍വേയില്‍ പങ്കെടുത്ത 2000ത്തോളം ജീവനക്കാരില്‍ അഞ്ചില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടു. ജോലികള്‍ കുന്നുകൂടിയാലുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു 40 ശതമാനം പേര്‍ പറഞ്ഞത്. എന്നാല്‍ അസുഖങ്ങളുമായി ജോലിക്കെത്തുന്നവര്‍ക്ക് കാര്യക്ഷമമായി ജോലികള്‍ ചെയ്യാനാവില്ലെന്ന് മാത്രമല്ല, അവര്‍ മറ്റു ജീവനക്കാരുടെ ആരോഗ്യത്തിനും ദോഷമുണ്ടാക്കുമെന്ന് അവിവ പറയുന്നു. ആരോഗ്യമില്ലാത്ത ജീവനക്കാര്‍ തെറ്റായ സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുമെന്ന് അവിവ യുകെ ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡൗഗ് റൈറ്റ് പറഞ്ഞു.
രോഗങ്ങളുള്ളപ്പോള്‍ ജോലിക്കെത്താന്‍ നിര്‍ബന്ധിക്കാതിരിക്കുന്ന വിധത്തിലുള്ള ഒരു തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കണമെന്നും ജീവനക്കാരുടെ ്അസാന്നിദ്ധ്യത്തില്‍ അവരുടെ കുറവ് നികത്താന്‍ കഴിയണമെന്നും അദ്ദേഹം ബിസിനസ് ഉടമകളോട് ആവശ്യപ്പെടുന്നു. എല്ലാ ദിവസവും ഹാജര്‍ എന്ന സമീപനം ബിസിനസ് പ്രകടനത്തെ ആകമാനം ബാധിക്കും. ഇത് ജീവനക്കാരുടെ മനോവീര്യം ഇല്ലാതാക്കുകയും ഉദ്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.
Leave a Reply