ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിരവധി മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് യുകെയിലെ വിവിധ സർവകലാശാലകളിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ പഠിക്കാനായി ദിനംപ്രതി യുകെയിൽ എത്തി കൊണ്ടിരിക്കുന്നത്. ഇവരിൽ പലരും ലക്ഷക്കണക്കിന് രൂപ വിദ്യാഭ്യാസ വായ്പ എടുത്താണ് നല്ലൊരു ഭാവി സ്വപ്നം കണ്ട് യുകെയിൽ എത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യാമെന്നതും അത് കഴിഞ്ഞുള്ള സ്റ്റേ ബായ്ക്കും പിന്നെ യുകെയിൽ പെർമനന്റ് വിസയും സംഘടിപ്പിക്കുക എന്ന സ്വപ്നമാണ് എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്.
എന്നാൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾ പഠിക്കുന്ന പല സർവ്വകലാശാലകളിലും സ്ഥിതി പരമ ദയനീയമാണെന്ന റിപ്പോർട്ടുകൾ ബിബിസി ന്യൂസ് പുറത്തുവിട്ടു. ബിരുദാനന്തര ബിരുദം ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വളരെ കുറവാണ്. ഇറാനിൽ നിന്ന് വളരെ പ്രതീക്ഷയോടെ യുകെയിൽ പഠിക്കാൻ എത്തിയ ഒരു പെൺകുട്ടിയുടെ അനുഭവം ബിബിസി റിപ്പോർട്ട് ചെയ്തു. തൻറെ സഹ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് വളരെ പരിമിതമാണെന്നും തന്റെ ക്ലാസിൽ ഒന്നോ രണ്ടോ ബ്രിട്ടീഷുകാർ മാത്രമേ ഉള്ളൂവെന്നും കണ്ട് താൻ ഞെട്ടിയതായും ഇറാനിയൻ പെൺകുട്ടി പറഞ്ഞു.
ലാഭം മാത്രം നോക്കി വിദേശ വിദ്യാർത്ഥികൾക്കായി വല വിരിച്ചിരിക്കുന്ന യുകെയിലെ പല സർവകലാശാലകളുടെയും സ്ഥിതി വ്യത്യസ്തമല്ല . മിക്ക വിദ്യാർഥികളും തങ്ങളുടെ കോഴ്സ് വർക്കുകളും അസൈൻ്റ് ‘മെന്റുകളും പണം കൊടുത്ത് പുറത്ത് ചെയ്യിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ക്ലാസുകളിൽ അറ്റൻഡൻസ് രേഖപ്പെടുത്താൻ പണം നൽകി മറ്റുള്ളവരെ ചുമതലപ്പെടുത്തുന്ന വിദ്യാർത്ഥികളും ഉണ്ട്.
വിദേശ വിദ്യാർഥികളിൽ നിന്ന് ഫീസ് മേടിക്കുന്നതിന് പരുധിയില്ലെന്നതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ലാഭം കൊയ്യാൻ ഒരു യോഗ്യതയും ഇല്ലാത്ത വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ കൊടുക്കുകയാണ്. തൻറെ ബിരുദാനന്തര വിദ്യാർഥികളിൽ 70 ശതമാനം പേർക്കും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഇല്ലായിരുന്നുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രൊഫസർ വെളിപ്പെടുത്തിയാതായി ബിബിസി റിപ്പോർട്ട് ചെയ്തു . പല വിദ്യാർത്ഥികളും തങ്ങളുടെ ഭാഷാ പരിജ്ഞാനത്തിലെ പരിമിതികൾ മറച്ചുവെച്ച് വളഞ്ഞ വഴികളിലൂടെയാണ് അഡ്മിഷൻ തരപ്പെടുത്തുന്നത്. പല സർവകലാശാലകളിലും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 10 വിദ്യാർത്ഥികളിൽ ഏഴ് പേരും വിദേശത്തു നിന്നുള്ളവരാണെന്ന സ്ഥിതിവിശേഷമാണ് ഉള്ളത് . ഇംഗ്ലണ്ടിൽ, ബിരുദാനന്തര ഗാർഹിക വിദ്യാർത്ഥികൾക്കുള്ള യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് £9,250 ആയി നിജപ്പെടുത്തിയിട്ടുണ്ട്. 2025-26 ൽ ഇത് പ്രതിവർഷം £9,535 ആയി ഉയരും. എന്നാൽ ഇംഗ്ലണ്ടിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കുള്ള ഫീസിന് ഉയർന്ന പരിധിയില്ല. ഇതാണ് വിദ്യാർത്ഥികളെ യാതൊരു യോഗ്യതയും പരിഗണിക്കാതെ അഡ്മിഷൻ കൊടുക്കുന്നതിന് യൂണിവേഴ്സിറ്റികളെ പ്രേരിപ്പിക്കുന്നത്
Leave a Reply