ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 72 വയസ്സുള്ള സ്ത്രീ അറസ്റ്റില്‍. ജര്‍മ്മനിയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ മാന്‍ഹൈമിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ഈ സ്ത്രീ തന്നോടൊപ്പം മുറിയില്‍ കഴിഞ്ഞിരുന്ന രോഗിയോട് ഇത്തരത്തില്‍ പെരുമാറിയത്.
വെന്റിലേറ്ററിന്റെ ശബ്ദം കേള്‍ക്കുന്നത് ഇഷ്ടമില്ലെന്നും അത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പറഞ്ഞായിരുന്നു മുറിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ വെന്റിലേറ്റര്‍ ഇവര്‍ ഓഫ് ചെയ്തത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആ രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സംഭവത്തില്‍ നരഹത്യാശ്രമം ആരോപിച്ച് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തു.
79 കാരിയായ ഒരു രോഗിയായിരുന്നു അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചു കൊണ്ടായിരുന്നു ഈ സ്ത്രീ ഇങ്ങനെ പെരുമാറിയത്.
ആദ്യതവണ വെന്റിലേറ്റര്‍ ഓഫ് ചെയ്തപ്പോള്‍ തന്നെ ആശുപത്രി ജീവനക്കാര്‍ സ്ത്രീയെ ശാസിക്കുകയും വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഈ സ്ത്രീ വീണ്ടും വെന്റിലേറ്റര്‍ ഓഫ് ചെയ്യുകയായിരുന്നു.
ഇതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗിയുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തീവ്രചരണത്തിലൂടെ മാത്രമേ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആകൂ എന്നും ആശുപത്രി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Reply