ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
യോർക്ക് : ഇംഗ്ലണ്ടിൽ ആദ്യകാലത്ത് ഉണ്ടായിരുന്ന ക്രിസ്തുവിന്റെ രൂപം നീണ്ട 200 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നു. 800 വർഷം പഴക്കമുള്ള ക്രിസ്തുവിന്റെ രൂപം യോർക്കിലെ സെന്റ് മേരീസ് മഠത്തിന്റെ ഭാഗമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ലിമോജസിൽ നിർമിക്കപ്പെട്ടതാണിത്. 1826ലാണ് മഠത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇത് കണ്ടെത്തുന്നത്. പിന്നീട് നൂറു വർഷത്തേക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. 1920കളിൽ ഒരു സ്വകാര്യ ജർമൻ കലാസമാഹാരത്തിന്റെ ഭാഗമായി ഇത് മാറി.
പതിനാറാം നൂറ്റാണ്ടിലെ ഹെൻറി എട്ടാമന്റെ ക്രൂരാക്രമണത്തെ അതിജീവിച്ച ചുരുക്കം ചില വസ്തുക്കളിൽ ഒന്നാണിത്. ജർമനിയിൽ നടന്ന ലേലത്തിൽ നിന്നും 7530 പൗണ്ടിനാണ് യോർക്ക്ഷയർ മ്യൂസിയം ഇത് വാങ്ങിയത്. 16 സെന്റിമീറ്റർ നീളമുള്ള ഈ രൂപം ചെമ്പിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. കണ്ടാൽ സ്വർണ്ണം ആണെന്നെ തോന്നുവെന്നത് ഇതിന്റെ പ്രത്യേകതയാണ്. രൂപത്തിന്റെ കൈകളും കാലുകളും അതിലുണ്ടായിരുന്ന വിലയേറിയ മുത്തുകളും നഷ്ടപ്പെട്ടിരിക്കുന്നു. യോർക്ക്ഷയർ മ്യൂസിയത്തിലെ ആർക്കിയോളജി ക്യൂറേറ്റർ ലൂസി ക്രൈറ്റൺ പറഞ്ഞു:” പതിമൂന്നാം നൂറ്റാണ്ടിലെ മതകലയുടെ അതിശയകരമായ ഉദാഹരണമാണ് ഇത്. 200 വർഷങ്ങൾക്ക് ശേഷം തിരികയെത്തുന്നുവെന്നത് സന്തോഷം പകരുന്നു. ഇത് അവിശ്വസനീയമാംവിധം അപൂർവവും വിലപ്പെട്ടതുമായ കണ്ടെത്തലാണ്. ”
മ്യൂസിയത്തിൽ ഇന്നലെ മുതൽ ഈ ക്രിസ്തു രൂപം പ്രദർശനത്തിനായി വെച്ചിട്ടുണ്ട്.
Leave a Reply