ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച് എസിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് 2000 പേരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യും. ഇതോടെ മലയാളികൾ ഉൾപ്പെടെ എംബിബിഎസ് കഴിഞ്ഞ ഡോക്ടർമാർക്ക് യുകെയിൽ വൻ അവസരത്തിനാണ് വഴിതുറന്നിരിക്കുന്നത്. എൻഎച്ച് എസിൽ 30 ശതമാനത്തോളം വരുന്ന ഡോക്ടർമാർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിൽ നല്ലൊരു ശതമാനം നേഴ്സുമാരും ഡോക്ടർമാരുമായ ആരോഗ്യപ്രവർത്തകർ ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ഉള്ളവരാണ്.
പ്രതിവർഷം 110,000 ഡോക്ടർമാരാണ് ഇന്ത്യയിൽ നിന്ന് പഠിച്ചിറങ്ങുന്നത്. 2000 ഡോക്ടർമാരെ എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്നത് ഇന്ത്യയിലെ ജൂണിയർ ഡോക്ടർമാരുടെ നൈപുണ്യവും പ്രവർത്തിപരിചയവും വർധിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റായ അജേഷ് രാജ് സക്സേന പറഞ്ഞു. ഡോക്ടർമാരെ തിരഞ്ഞെടുക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് എൻഎച്ച്എസ് ഇന്ത്യയിൽ നടപ്പിലാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മുംബൈ, ഡൽഹി, നാഗ്പൂർ, ഗുരുഗ്രാം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഇൻഡോർ, മൈസൂർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ പ്രധാന സ്വകാര്യ ആശുപത്രികളിൽ എൻഎച്ച്എസ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 6 മുതൽ 12 മാസത്തെ പരിശീലനത്തിന് ശേഷം ബ്രിട്ടനിലെ ആശുപത്രികളിൽ വിന്യസിക്കപ്പെടുന്ന ആദ്യ ബാച്ച് ഡോക്ടർമാർക്ക് എൻഎച്ച്എസ് ബിരുദാനന്തര പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഡോക്ടർമാരെ പ്രൊഫഷണൽ ആൻഡ് ലിംഗ്വിസ്റ്റിക് അസസ്‌മെൻ്റ് ബോർഡ് (PLAB) പരീക്ഷയിൽ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുന്നത് .യുകെയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശത്ത് പഠിച്ച ഡോക്ടർമാരെ വിലയിരുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള പരീക്ഷയാണ് PLAB.
Leave a Reply