ലണ്ടന്‍: വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ അസൈന്മെന്റുകള് നല്‍കാറുണ്ട്. ഈ അസൈന്മെന്റുകള് കുട്ടികളുടെ ഗവേഷണാഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റുമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ലണ്ടനിലെ ഒരു സ്കൂള്‍ കുട്ടികള്‍ക്ക് നല്കിയ അസൈന്മെന്റ് കേട്ടാല്‍ ഞെട്ടും. ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കാനാണ് അവര്‍ക്ക് നല്കിയ നിര്‍ദേശം. ഇംഗ്ലീഷ് ക്ലാസില്‍ ഷേക്സ്പിയറിന്റെ മാക്ബെത്ത് ഗ്രൂപ്പ് സ്റ്റഡീസിന്റെ ഭാഗമായി നല്കിയപ്പോളായിരുന്നു സംഭവം. ലേഡി മാക്ബെത്തിന്റെ ആത്മഹത്യയാണ് ഈ അസൈന്മെന്റിന് പ്രേരണയായതത്രേ!
കിഡ്ബ്രൂക്ക് തോമസ് റ്റാലിസ് സ്കൂളിലാണ് 60 കുട്ടികള്‍ക്ക് വിചിത്രമായ അസൈന്മെന്റ് കുട്ടികള്‍ക്ക് നല്‍കിയത്. അസൈന്മെന്റ് ലഭിച്ച ഒരു കുട്ടിയുടെ മൂന്ന് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തവരാണ്. ഈ അസൈന്മെന്റ് കുട്ടിക്ക് വലിയ മാനസിക സംഘര്‍ഷമാണ് സമ്മാനിച്ചതെന്ന് മാതാവ് അറിയിച്ചു. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ സ്കൂള്‍ അധികൃതരെ വിവരമറിയിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ സ്കൂള്‍ അധികൃതര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്.
രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ അസൈന്മെന്റ് ലഭിച്ചു. ചിലര്‍ അത് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവരില്‍ എത്ര കുട്ടികള്‍ വിഷാദ രോഗികളായിരിക്കാമെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. ഇത്തരം ഒരു ജോലി ഇവരെ എങ്ങനെയായിരിക്കും സ്വാധീനിക്കുക എന്ന സംശയവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഷേക്സ്പിയര് പഠിക്കുന്നത് നല്ലത് തന്നെ പക്ഷേ അതിന്റെ ഭാഗമായി ആത്മഹത്യാക്കുറിപ്പ് എഴുതിക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. നടപടി എടുത്തിട്ടുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഹെഡ്ടീച്ചര് കരോളിന് റോബര്‍ട്ട്സ് പറഞ്ഞു.
Leave a Reply