കൊച്ചി: കൊച്ചി മെട്രോയില്‍ അപമാനിക്കപ്പെട്ട ഭിന്നശേഷിക്കാരനായ എല്‍ദോ വീണ്ടും ജോലിക്കെത്തി. മെട്രോയിലെ ആദ്യത്തെ പാമ്പ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ട എല്‍ദേ വീണ്ടും ജോലിക്കെത്തി തുടങ്ങി. സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളില്‍ നിന്ന് എല്‍ദോ ഇതുവരെ മുക്തനായിട്ടില്ല. കൊച്ചി എസ്ആര്‍എം റോഡിലെ കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരനാണ് എല്‍ദോ. ഇനിയും പരിഹാസങ്ങള്‍ ഉണ്ടാകുമെന്ന ധാരണയില്‍ ജോലിക്ക് പോകാന്‍ എല്‍ദോ മടിച്ചിരുന്നു.
ഗുരുതരമായി രോഗം ബാധിച്ച് ആശുപത്രിയില്‍ ആയിരുന്ന സഹോദരനെ സന്ദര്‍ശിച്ചതിനു ശേഷം അങ്കമാലിയിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ക്ഷീണിതനായ എല്‍ദോ മെട്രോയുടെ സീറ്റില്‍ കിടക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ പറഞ്ഞതനുസരിച്ചാണ് എല്‍ദോ സീറ്റില്‍ കിടന്നത്. എന്നാല്‍ ആരോ എല്‍ദോയുടെ ചിത്രം പകര്‍ത്തുകയും അപകീര്‍ത്തികരമായ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. മദ്യപിച്ച് ഉറങ്ങുന്നു എന്നായിരുന്നു പ്രചാരണം. വാട്ട്‌സാപ്പിലൂടെ ഈ ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെ തുടര്‍ന്നാണ് എല്‍ദോ വീണ്ടും ജോലിക്കെത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി. ഹരികുമാര്‍, സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. സത്യാവസ്ഥ അറിയാതെ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക്‌പോജില്‍ എഴുതി. 2000 രൂപയുടെ ടിക്കറ്റ് എല്‍ദോയ്ക്ക് സൗജന്യമായി നല്‍കുമെന്ന് കൊച്ചി മെട്രോയും അറിയിച്ചിട്ടുണ്ട്.
Leave a Reply