ലണ്ടന്‍: എന്‍എച്ച്എസില്‍ ജോലിക്ക് എത്തുന് നേഴ്‌സുമാരേക്കാള്‍ കൂടുതലാണ് ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണമെന്ന് കണക്കുകള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജോലി വിടുന്നവരുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കുറഞ്ഞ ശമ്പളവും മോശം ജോലി സാഹചര്യങ്ങളുമാണ് ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ പുറത്തുവിട്ട പുതിയ കണക്കുകളാണ് നഴ്‌സുമാരും മിഡൈ്വഫുമാരും ജോലി ഉപേക്ഷിക്കുന്നതായി വ്യക്തമാക്കുന്നത്.

എന്‍എച്ച്എസില്‍ നിന്ന് വിട്ടുപോകുന്നവരില്‍ ബ്രിട്ടീഷ് നഴ്‌സുമാരാണ് മുന്‍പന്തിയില്‍. 2016-2017 കാലയളവില്‍ ജോലിക്കെത്തുന്നതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ ആളുകള്‍ ജോലി ഉപേക്ഷിച്ചു. ഇവരില്‍ യുകെയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തവരുടെ നിരക്ക് 45 ശതമാനം വരും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി വേതന നിയന്ത്രണം അടിയന്തരമായി എടുത്തു കളയണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും റോയല്‍ കോളേജ് ഓഫ് മിഡൈ്വവ്‌സും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2013 കാലഘട്ടത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ 2016-17 കാലയളവില്‍ 1783 പേര്‍ ജോലി ഉപേക്ഷിച്ചു. 2017-18 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചവരുടെ എണ്ണം 3264 ആണ്. ഉപേക്ഷിക്കുന്നവരില്‍ യുകെ, വിദേശ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 2012-13ല്‍ 23,087 ആയിരുന്നെങ്കില്‍ 2016-17ല്‍ അത് 34,941 ആയി ഉയര്‍ന്നിട്ടുണ്ട്.