ലണ്ടന്‍: എന്‍എച്ച്എസിന് അടിയന്തരമായി 2200 ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കണ്‍സള്‍ട്ടന്റുമാരുടെ സേവനം ആവശ്യമുണ്ടെന്ന് കണക്കുകള്‍. രോഗികള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിന് നിലവിലുള്ളതിന്റെ ഇരട്ടി കണ്‍സള്‍ട്ടന്റുമാരെയാണ് വേണ്ടത്. 1632 പേരാണ് ഇപ്പോള്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2200 പേരെക്കൂടി എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നിയമിക്കേണ്ടി വരും. എമര്‍ജന്‍സി ഡോക്ടര്‍മാരുടെ സമിതിയായ റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

കഴിഞ്ഞ വിന്ററില്‍ നേരിട്ടതുപോലെയുള്ള പ്രതിസന്ധികള്‍ ഒഴിവാക്കണമെങ്കില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഏജന്‍സികള്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന 400 മില്യന്‍ പൗണ്ട് മാത്രം മതിയാകും പുതിയ ഡോക്ടര്‍മാരെ നിയമിക്കാനെന്നും ആര്‍സിഇഎം വ്യക്തമാക്കുന്നു. നിലവിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കാന്‍ ഏജന്‍സികളെയാണ് എന്‍എച്ച്എസ് ആശ്രയിക്കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ആവശ്യമുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നതും ഡോക്ടര്‍മാരില്‍ നല്ലൊരു ശതമാനം പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന 6261 ഡോക്ടര്‍മാരില്‍ 1632 പേര്‍ മാത്രമേ കണ്‍സള്‍ട്ടന്റുമാരുള്ളു. ഇവര്‍ക്ക് പ്രതിവര്‍ഷം 10,000ത്തോളം രോഗികളെയാണ് ചികിത്സിക്കേണ്ടി വരുന്നത്. ആകെയുള്ളവരില്‍ മൂന്നിലൊന്ന് മാത്രമേ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ എന്ന ഈ ഗണത്തില്‍ വരുന്നുള്ളു. ബാക്കിയുള്ളവര്‍ ട്രെയിനികളാണ്. ട്രെയിനികളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്താനും ശ്രദ്ധിക്കണമെന്ന് ആര്‍സിഇഎം പ്രസിഡന്റ് ഡോ.താജ് ഹസന്‍ പറഞ്ഞു.