നടി ആക്രമണത്തിനിരയായ സംഭവത്തിൽ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് റിമി ടോമി. ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്. ദിലീപിനും കാവ്യയ്ക്കുമൊപ്പം ഞാനും അമേരിക്കയില്‍ സ്റ്റേജ് ഷോയ്ക്ക് പോയിരുന്നു. അത് സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ചോദിച്ചത്. അമേരിക്കന്‍ യാത്രയിലുണ്ടായിരുന്ന എല്ലാവരിൽ നിന്നും വിവരങ്ങൾ ചോദിക്കുന്നുണ്ട്. കേസുമായി ബന്ധമുണ്ടായിട്ടല്ല തന്നെ വിളിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും റിമി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ പ്രചരിക്കുന്നുണ്ട്. താൻ പലരുടെയും വലം കൈയ്യാണെന്നും ബിനാമിയാണെന്നും തരത്തിലുളള വാർത്തകളാണ് വരുന്നത്. ദിലീപിന്റെ ബിനാമിയല്ല താനെന്നും ദിലീപുമായും കാവ്യയുമായും സാമ്പത്തിക ഇടപാടില്ലെന്നും റിമി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിവരം ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. ആക്രമണത്തിന് ഇരയായ നടിയുമായി യാതൊരു ശത്രുതയുമില്ല. സംഭവം അറിഞ്ഞയുടൻ അവർക്ക് മെസേജ് അയച്ചിരുന്നു. കാവ്യ മാധവനെ ഫോണിൽ വിളിക്കുകയും ചെയ്തു. അതെല്ലാം സ്വാഭാവികമായി ചെയ്യുന്നതാണെന്നും റിമി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമി ടോമിയെ പൊലീസ് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. അമേരിക്കയിൽ നടന്ന സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘത്തിലുള്ള സിഐ ബിജു പൗലോസ് നടിയെ വിളിച്ച് ചോദിച്ചത്. റിമിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു.
Leave a Reply