ലണ്ടന്‍: യുകെ നിയമങ്ങളില്‍ സ്‌കോച്ചിന് നിര്‍വചനം ഏര്‍പ്പെടുത്തി വിസ്‌കി കയറ്റുമതിക്ക് സംരക്ഷണം നല്‍കണമെന്ന് സ്‌കോട്ട്‌ലന്‍ഡ്. സ്‌കോച്ച് വിസ്‌കി വ്യവസായത്തെ സംരക്ഷിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് ഇക്കോണമി സെക്രട്ടറി കെയ്ത്ത് ബ്രൗണ്‍ ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് യുകെ മന്ത്രിമാരോട് ബ്രൗണ്‍ ഈ ആവശ്യം ഉന്നയിച്ചത്. 4 ബില്യന്‍ പൗണ്ടിന്റെ കയറ്റുമതിയാണ് ഇപ്പോള്‍ നടന്നു വരുന്നത്. യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാല്‍ ഗുണനിലവാരമില്ലാത്തവയില്‍ നിന്ന് ഇവയ്ക്ക് സംരക്ഷണവും ലഭിക്കുന്നുണ്ട്.

സ്‌കോട്ടിഷ് പാരമ്പര്യം സ്വത്വം എന്നതിലുപരിയായി 20,000 ആളുകള്‍ക്ക് ജോലിയും നല്‍കുന്ന വ്യവസായമാണ് ഇത്. വിസ്‌കിയുടെ നിര്‍വചനത്തില്‍ ഇളവുകള്‍ വരുത്തുന്നതിനെ പിന്തുണയ്ക്കുമെന്നാണ് ട്രാന്‍സ് അറ്റ്‌ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ചര്‍ച്ചകളില്‍ അമേരിക്കയുടെ നിലപാട്. ഈ നിലപാട് നിലവിലുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത വിസ്‌കികള്‍ മാര്‍ക്കറ്റില്‍ എത്താന്‍ സഹായിക്കും. അതുകൊണ്ടുതന്നെ സ്‌കോച്ച് വിസ്‌കിക്ക് നിയമപരമായ പരിരക്ഷ ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

4 ബില്യന്‍ പൗണ്ടിന്റെ കയറ്റുമതി മൂല്യമുള്ള വ്യവസായമാണ് സ്‌കോട്ട്‌ലന്‍ഡിന് വിസ്‌കി വ്യവസായം. അതുകൊണ്ടാണ് ചര്‍ചച്ചകളില്‍ സ്‌കോച്ച് വിസ്‌കി വിഷയമായോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് സര്‍ക്കാരിനോട് പറയുന്നതെന്നും ബ്രൗണ്‍ അറിയിച്ചു. നിലവിലുള്ള യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.