ലണ്ടന്‍: ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റായ അല്‍ഡിയില്‍ ഷോപ്പിംഗിനെത്തിയവരില്‍ നിന്ന് ഇരട്ടിത്തുക ഈടാക്കിയതായി സൂചന. ആഗസ്റ്റ് 4നും 7നുമിടയില്‍ ഇവിടെനിന്ന് ഷോപ്പിംഗ് നടത്തിയവരുടെ അക്കൗണ്ടില്‍ നിന്ന് ഈടാക്കിയ തുക ആഗസ്റ്റ് 24ന് വീണ്ടും ഈടാക്കിയതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ഒരു ഷോപ്പിംഗിന് രണ്ട് തവണ തുക ഈടാക്കിയിരുക്കുന്നു. സാങ്കേതികപ്പിഴവാണ് ഇതിനു കാരണമെന്നാണ് അല്‍ഡി നല്കുന്ന വിശദീകരണം. മിഡ്ലാന്‍ഡ്സിലെ ചില സ്റ്റോറുകളില്‍ നിന്ന് പര്‍ച്ചേസുകള്‍ നടത്തിയവരുടെ പണമാണ് കൂടുതലായി നഷ്ടമായത്. എല്ലാവര്ക്കും പണം 24 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കിയതായി കമ്പനി വക്താവ് പറഞ്ഞു.
ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രശ്നം പരിഹരിക്കപ്പെട്ടതായും വക്താവ് അറിയിച്ചു. കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് ടീമിനെ സമീപിക്കാമെന്നും അല്‍ഡി അറിയിക്കുന്നു. പണം തിരികെ നല്‍കിയെങ്കിലും ചിലര്‍ക്ക് അത് ലഭിച്ചില്ലെന്ന പരാതികളും ഉയരുന്നുണ്ട്. അത്തരക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റിനെ നേരിട്ട് സമീപിക്കണം. ഓവര്‍ഡ്രാഫ്റ്റോ മറ്റു വിധത്തിലുള്ള ബാങ്കിംഗ് ഫീസുകളോ മൂലമാണോ പണം ലഭിക്കാത്തതെന്ന് വ്യക്തമാകണമെങ്കില്‍ അവയുടെ വിവരങ്ങളും നല്‍കേണ്ടി വരും.
എന്നാല്‍ ഇവയ്ക്ക് അധിക ട്രാന്സാക്ഷന് ചാര്‍ജുകള്‍ ഈടാക്കുന്നതല്ല. പ്രശ്നമുണ്ടായത് ചില സ്റ്റോറുകളില്‍ മാത്രമാണ്. ദേശവ്യാപകമായി ഈ പ്രശ്നം ഉണ്ടായിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തി. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കണമെന്നും കൂടുതല്‍ പണം ഈടാക്കിയതായി സംശയമുണ്ടെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റിനെ സമീപിക്കണമെന്നും അല്‍ഡി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്കി.
Leave a Reply