ലണ്ടന്‍: വിന്റര്‍ ആരംഭിക്കാനിരിക്കെ മുന്നറിയിപ്പുമായി എന്‍എച്ച്എസ്. ഈ വിന്ററിലും കിടക്കകള്‍ക്ക് കാര്യമായ ക്ഷാമം നേരിട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ സമയം ആംബുലന്‍സുകളില്‍ കാത്തിരിക്കേണ്ടി വരാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ രോഗികള്‍ ചികിത്സകിട്ടാതെ മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ത്തന്നെ ആവശ്യത്തിന് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ കുറവാണ്. വിന്റര്‍ കൂടി എത്തുന്നതോടെ ഈ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.
2000 മുതല്‍ 3000 വരെ അധികം ആശുപത്രി കിടക്കകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി പൂര്‍ണ്ണമായും പരാജയപ്പെട്ടു. 1 ബില്യന്‍ പൗണ്ടിന്റെ ഈ പദ്ധതി സെപ്റ്റംബറില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലും ആശുപത്രികളില്‍ തന്നെ തുടരുന്ന രോഗികളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നു. ഈ മാസത്തോടെ ഇത് 3.5 ശതമാനമായി കുറയ്ക്കാനായിരുന്നു പദ്ധതി. 2016 അവസാനം വരെ ഇത് 5.6 ശതമാനമായിരുന്നു. കഴിഞ്ഞ ജൂണ്‍ വരെ ഇതിന്റെ നിരക്ക് 5.2 ശതമാനമാണ്.
ഈ ലക്ഷ്യം നടപ്പാകാന്‍ സാധ്യതയില്ലെന്നതിനാല്‍ ഈ വിന്ററിലും മിക്ക കിടക്കകളിലും രോഗികള്‍ നിറഞ്ഞിരിക്കും. സോഷ്യല്‍ കെയര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മൂലമാണ് ഡിസ്ചാര്‍ജ് ചെയ്താലും ചില രോഗികള്‍ ഇത്തരത്തില്‍ ആശുപത്രികളില്‍ തുടരുന്നത്. ഇത് ഈ വര്‍ഷവും പ്രശ്‌നം രൂക്ഷമാക്കും. കഴിഞ്ഞ വിന്ററില്‍ എന്‍എച്ച്എസ് അനുഭവിച്ച പ്രതിസന്ധി വളരെ രൂക്ഷമായിരുന്നു. മനുഷ്യത്വത്തിനു നേരിട്ട പ്രതിസന്ധിയെന്നായിരുന്നു റെഡ്‌ക്രോസ് ഇതിനെ വിശേഷിപ്പിച്ചത്.
Leave a Reply