ലണ്ടന്‍: ധ്രുവ പ്രദേശങ്ങളില്‍ മാത്രം ദൃശ്യമാകുന്ന നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്ന ആകാശദൃശ്യത്തിന് സാക്ഷ്യം വഹിക്കാന്‍ യുകെ വാസികള്‍ക്കും അവസരം. വെള്ളിയാഴ്ച ആദ്യം ദൃശ്യമായ അറോറയ്ക്കു പിന്നാലെ വരുന്ന രാത്രികളിലും കൂടുതല്‍ അറോറകള്‍ കാണാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന അറിയിപ്പ്. ധ്രുവപ്രദേശത്തോട് അടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് രാത്രികാലങ്ങളില്‍ ഈ പ്രതിഭാസം ദൃശ്യമാകാറുള്ളത്. ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ സൗരവാതം കഴിഞ്ഞ ദിവസം സൂര്യനില്‍ നിന്ന് പുറത്തു വന്നിരുന്നു. ഇതാണ് ധ്രുവ പ്രകാശം മറ്റു പ്രദേശങ്ങളിലും ദൃശ്യമാകാന്‍ കാരണം.

ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്കാണ് അറോറ നന്നായി ദൃശ്യമാകുക. സൗരവാതത്തിന്റെ ഫലമായുണ്ടായ കാന്തിര പ്രഭാവമാണ് അറോറകള്‍ സാധാരണ ഗതിയില്‍ കാണുന്ന അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് എത്താന്‍ കാരണമെന്ന് ദി അറോറ സോണ്‍ മാനേജിംഗ് ഡയറക്ടര്‍ അലിസ്റ്റര്‍ മക് ലീന്‍ പറഞ്ഞു. സൗരവാതത്തിന്റെ രൂക്ഷതയനുസരിച്ച് വന്‍തോതിലുള്ള അറോറകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തില്‍ ജി3 കാന്തിക പ്രവാഹങ്ങള്‍ ഈ സൗരവാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അതാണ് അറോറകള്‍ അതിര്‍ത്തികള്‍ക്കപ്പുറവും ദൃശ്യമാകുന്നതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തെക്കന്‍ ഇംഗ്ലണ്ടില്‍ പോലും അറോറകള്‍ കാണാന്‍ ഈ ശക്തമായ സൗരവാതം കാരണമാകുമെന്നാണ് വിശദീകരണം. എന്നാല്‍ രാജ്യത്തിന്റെ നോര്‍ത്ത് ഈസ്റ്റ് മേഖലിയാണ് ഇവ കാണാന്‍ ഏറ്റവും സാധ്യതയുള്ളത്. വടക്കന്‍ ചക്രവാളത്തിലാകും ഇവ ദൃശ്യമാകുക. തെളിഞ്ഞതും പ്രകാശസാന്നിധ്യമില്ലാത്തതുമായ ആകാശമായിരിക്കും ഈ അപൂര്‍വ ആകാശപ്പൂരം കാണാന്‍ അനുയോജ്യമായത്. അതുകൊണ്ട് നഗരപ്രദേശങ്ങളില്‍ നിന്ന് അകന്ന് ബീച്ചുകള്‍ പോലെയുള്ള തുറന്ന പ്രദേശങ്ങളില്‍ നിന്നാല്‍ ഈ അപൂര്‍വ കാഴ്ച ആസ്വദിക്കാം.