ബാബു ജോസഫ്
മാഞ്ചസ്റ്റര്‍: ലോകപ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍ റീജിയന്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ 24ന് നടക്കും. കണ്‍വെന്‍ഷന് മുന്നോടിയായി റീജിയണിലെ എല്ലാ മാസ് സെന്ററുകളിലെയും കുടുംബങ്ങളില്‍ സംഘാടകസമിതിയംഗങ്ങള്‍ സന്ദര്‍ശനം നടത്തി. രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്‍മാരായ , റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ. രഞ്ജിത്ത് ജോര്‍ജ് മടത്തിറമ്പില്‍ എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പാതയില്‍ പ്രത്യേക ദൈവിക അംഗീകാരമായി നല്‍കപ്പെട്ട ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ വന്‍ അഭിഷേകമായി മാറ്റിക്കൊണ്ട് ‘ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന ‘അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങളുമായി അനില്‍ ലൂക്കോസ് ജനറല്‍ കണ്‍വീനറും സാജു വര്‍ഗീസ്, റെജി മഠത്തിലേട്ട്, രാജു ചെറിയാന്‍, ഷാജി ജോസഫ് എന്നിവര്‍ കണ്‍വീനര്‍മാരായുള്ളതുമായ വിപുലമായ സംഘാടകസമിതിയാണ് മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ മാസ് സെന്ററുകളിലും കുടുംബങ്ങളിലും നടന്നുവരുന്നു. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വെന്‍ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദര്‍ശനം ഇതിനോടകം എല്ലാ വീടുകളിലും പൂര്‍ത്തിയായി. സെഹിയോന്‍ യൂറോപ്പ് കിഡ്സ് ഫോര്‍ കിംഗ്ഡം ടീം കണ്‍വെന്‍ഷനില്‍ രാവിലെ മുതല്‍തന്നെ കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും.
മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന്‍ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
2017 ഒക്ടോബര്‍ 24 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു രൂപത നേതൃത്വവും സംഘാടകസമിതിയും ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. വിശാലമായ സൗകര്യങ്ങളോട് കൂടിയ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്.
The Sheridan Suite
371 Oldham Road
Manchester
M40 8RR
Leave a Reply