യുകെയിലെ ഓഫീസുകള്‍ നായകള്‍ കയ്യടക്കുന്നു! പേടിക്കേണ്ട, അപകടകാരികളായ തെരുവുനായ്ക്കളൊന്നുമല്ല. ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ തങ്ങളുടെ വളര്‍ത്തുനായ്ക്കളെ കൊണ്ടുവരാനുള്ള അനുമതി പല ഓഫീസ് മാനേജര്‍മാരും നല്‍കിത്തുടങ്ങിയിരിക്കുകയാണ്. ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ വളര്‍ത്തുമൃഗങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ സാധിക്കുമെന്ന കണ്ടെത്തലാണ് ഈ അനുമതി നല്കാന് അധികൃതരെ പ്രേരിപ്പിക്കുന്നത്. നായയെപ്പോല പണിയെടുക്കാതെ നായക്കൊപ്പം പണിയെടുക്കൂ എന്നതാണ് പുതിയ രീതി.
നാലിലൊന്ന് സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഈ സംവിധാനം പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കാനും തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ ഒപ്പമുണ്ടാകണമെന്ന് കരുതുന്നവര്‍ക്ക് അത് ജോലി സമയത്തും സാധ്യമാക്കാനും ഈ സംവിധാനം ഉപകരിക്കുന്നു. ഈ നയത്തില്‍ സന്തുഷ്ടരാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ബ്ലഡ് ക്യാന്‍സര്‍ ചാരിറ്റിയായ ആന്തണി നോളന്റെ ലണ്ടനിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സ് 2 വര്‍ഷമായി ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്. പത്ത് ജീവനക്കാര്‍ തങ്ങളുടെ അരുമ മൃഗങ്ങളുമായാണ് ഇവിടെ ജോലിക്ക് എത്തുന്നത്.
ഈ വിപ്ലവകരമായ മാറ്റം ഓഫീസില്‍ കൊണ്ടുവരാന്‍ കാരണക്കാരിയായത് എച്ച്ആര്‍ ഹെഡ് ഷാരോണ്‍ കെയിന്‍ ആണ്. ഹെമല്‍ ഹെംപ്സ്റ്റെഡില്‍ നിന്ന് റ്റെഡി എന്ന നായയുമായാണ് ഇവര്‍ എന്നും ഓഫീസില്‍ എത്തുന്നത്. ഓഫീസില്‍ നായകളെ കൊണ്ടുവരുന്നത് വളരെ സന്തോഷകരമാണെന്നാണ് തന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.
Leave a Reply