എം.ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ ‘രണ്ടാമൂഴം’ ചലച്ചിത്രമാവുമ്പോള്‍ അത് സംവിധാനം ചെയ്യുക ശ്രീകുമാര്‍ മേനോന് ആയിരിക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍. പ്രമുഖ വ്യവസായി ബി.ആര് ഷെട്ടി നിര്‍മിക്കുന്ന ചിത്രം 1000 കോടി ബജറ്റിലാണ് ഒരുക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകള്‍. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട് എന്നും പറയപ്പെടുന്നു.
മോഹന്‍ലാലിന്റെ ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒടിയനു ശേഷം ‘രണ്ടാമൂഴം’ ചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതി. വി.ആര് ശ്രീകുമാര്‍ മേനോന് തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഒടിയന് ടീമംഗങ്ങള്‍ക്കിടയിലെ പടലപിണക്കങ്ങളും മറ്റും സംവിധായകന് ശ്രീകുമാര്‍ മേനോന് തിരിച്ചടിയായി എന്നാണ് അണിയറ സംസാരം.
സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസ്വാരസ്യങ്ങളാണ് പുതിയ സംഭവവികാസങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഇതേത്തുർന്ന് ലൊക്കേഷനിലെ പൊട്ടിത്തെറി ഒഴിവാക്കാനായി ശ്രീകുമാര്‍ മേനോന് പകരം എം. പത്മകുമാറിനെ ഒടിയന് സംവിധാനം ചെയ്യാനായി ഏല്‍പ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് രണ്ടാമൂഴത്തില്‍ നിന്നും ശ്രീകുമാര്‍ മേനോനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.
ശ്രീകുമാര്‍ മേനോന്റെ കന്നി ചിത്രമാണ് ഒടിയന്. ‘ഒടിയന്റെ’ ചിത്രീകരണം അതിവേഗം പുരോഗമിക്കുന്നതിനിടെ മേക്കിംഗ് വീഡിയോ പുറത്തു വന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഈ സിനിമയുടെ യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന് ശ്രീകുമാര്‍ മേനോന് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയത് ശ്രീകുമാര്‍ മേനോനെ ചൊടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോന്റെ നിലപാടുകള്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ ഒന്നിച്ചു എന്നാണ് വിവരം. ഇതോടൊപ്പം പ്രമുഖ സംവിധായകന് എം. പത്മകുമാര്‍ സിനിമയില്‍ കൈകടത്തുന്നതിനെയും ശ്രീകുമാര്‍ മേനോന് എതിര്‍ത്തിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലുകളും ശ്രീകുമാര്‍ മേനോന് അംഗീകരിച്ചിരുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാന്. അതുകൊണ്ടുതന്നെ എം. പത്മകുമാര്‍, ആന്റണി പെരുമ്പാവൂര്‍, ഷാജി കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കാര്യങ്ങല്‍ നിയന്ത്രിക്കുന്നുവെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു എന്നാണ് വിവരം.
പുലി മുരുകന് ടീം തന്നെ ഒടിയനും മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാര്‍ മോനോന് താല്‍പ്പര്യം.
പക്ഷേ ക്യാമറാമാനായി ഷാജി കുമാറും ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്നും എത്തുകയായിരുന്നു. ഒടിയന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ക്യാമറാമാന് ഷാജികുമാര്‍ പോസ്റ്റ് ചെയതതിനെ ശ്രീകുമാര്‍ മോനോന് ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോയി.
നേരത്തെ വാരണാസി സെറ്റിലെ ചിത്രങ്ങള്‍ ശ്രീകുമാര്‍ മേനോനും സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഇതേ കാമറാമാനും ചെയ്തിട്ടുള്ളൂവെന്നാണ് ലൊക്കേഷനിലെ ഷാജി കുമാറിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതോടെ രണ്ട് ചേരി രൂപപ്പെടാതിരിക്കാനും തര്‍ക്കങ്ങള്‍ ചിത്രത്തെ ബാധിക്കാതിരിക്കാനും വേണ്ടി എം. പത്മകുമാറിനെ സംവിധാനം ഏല്‍പ്പിച്ചുവെന്നാണ് അണിയറക്കാര്‍ പറയുന്നത്
Leave a Reply