ഫാ. ബിജു കുന്നയ്ക്കാട്ട്
ദീര്‍ഘകാലം ഈ ഭൂമിയില്‍ ജീവിക്കണമെന്നാണ് മിക്ക മനുഷ്യരും ആഗ്രഹിക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതകാലം പല കാരണങ്ങളാല്‍ ഏറിയും കുറഞ്ഞുമിരിക്കും. ദീര്‍ഘായുസ്സിലെത്തി ഈ ലോകത്തില്‍ നിന്നു കടന്നുപോകുന്നവരുണ്ട്, എന്നാല്‍ ചിലര്‍ക്ക് ജീവിതത്തിന്റെ തിരശ്ശീല വളരെ പെട്ടെന്ന് വീഴുകയും ചെയ്യുന്നു. സാധാരണഗതിയില്‍ ‘മനുഷ്യന്റെ ആയുസ്സ് എഴുപത് വര്‍ഷമാണ്, ഏറിയാല്‍ എണ്‍പത്’ (സങ്കീര്‍ത്തനങ്ങള്‍ 90:10) എന്നാണ് വി. ബൈബിളിന്റെ ഭാഷ്യം. ഈയൊരു കാലം പോലും ആര്‍ക്കും ജീവിതത്തിനപ്പുറമില്ല ‘മനുഷ്യന്റെ ജീവിതം പുല്ലുപോലെയാണ്. വയലിലെ പൂപോലെ അതു വിരിയുന്നു, എന്നാല്‍ കാറ്റടിക്കുമ്പോള്‍ അത് കൊഴിഞ്ഞുപോകുന്നു’ (സങ്കീര്‍ത്തനങ്ങള്‍ 103:15) എന്നു പറഞ്ഞിരിക്കുന്നതും ബൈബിള്‍ തന്നെ. ഇത്ര ക്ഷണികമാവുന്ന ജീവിതത്തിലും തീര്‍ത്തും ആവശ്യമില്ലാത്ത ഹൃദയഭാരങ്ങളുമായി ജീവിക്കുന്ന അനേകരുണ്ട് തിരിച്ചറിവില്ലാത്തതുകൊണ്ടുമാത്രം അനാവശ്യ ഭാരത്തിന്റെ വിഴുപ്പേറുന്നവര്‍.
നല്ല സന്ദേശമുള്ള ഈ സംഭവം ശ്രദ്ധിക്കൂ: ബസില്‍ സ്വസ്ഥമായിരുന്ന് യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിലേയ്ക്ക് ഒരു ബസ്സ്റ്റോപ്പില്‍ വച്ച് വൃദ്ധയായ ഒരു സ്ത്രീ കയ്യില്‍ ഏതാനും പൊതിക്കെട്ടുകളുമായി കയറിവന്നു. ഒഴിഞ്ഞു കിടന്ന ഒരു സീറ്റില്‍ അവര്‍ ഇരുന്നെങ്കിലും കയ്യിലുള്ള പൊതിക്കെട്ടുകള്‍ താഴെ വെയ്ക്കാതെ ഇരുന്ന സീറ്റില്‍ തന്നെ വച്ചു. തൊട്ടടുത്തിരുന്ന യുവതിക്ക് അത് വലിയ വിഷമമുണ്ടാക്കിയെങ്കിലും യാതൊരു പ്രതികരണവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. തിങ്ങി ഞെരുങ്ങിയിരുന്ന ആ യാത്ര രണ്ട് ബസ്റ്റോപ്പുകള്‍ക്കപ്പുറം അവസാനിച്ചു. ബസില്‍ നിന്നു പുറത്തിറങ്ങി കൂട്ടുകാരിയോടൊപ്പം വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ കൂട്ടുകാരി ഈ യുവതിയോടു ചോദിച്ചു. ‘ആ സ്ത്രീ ഇരുന്നതിനു പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതിക്കെട്ടുകള്‍ കൂടി സീറ്റിലേയ്ക്ക് വച്ചപ്പോള്‍, നിനക്ക് ഇരിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നത് ഞാന്‍ കണ്ടു. എന്നിട്ടും നീയെന്തേ പ്രതികരിക്കാതിരുന്നത്? യുവതി വളരെ ശാന്തമായി ഇങ്ങനെ മറുപടി പറഞ്ഞു: ‘ഇത്ര ചെറിയൊരു കാര്യത്തിന് ഞാനെന്തിനാണ് വെറുതെ ദേഷ്യപ്പെടുന്നതും പ്രതികരിക്കുന്നതും? ഞങ്ങള്‍ ഒരുമിച്ച് ആ സീറ്റിലിരുന്നുള്ള യാത്ര അല്പ സമയത്തേയ്ക്കേ ഉള്ളൂ എന്ന് എനിക്ക് അറിയാമായിരുന്നു..’
അല്പസമയം മാത്രം ഒരുമിച്ച് ജീവിക്കുകയും കാണുകയുമൊക്കെ ചെയ്യുന്ന ഒരു ജീവിതയാത്രയിലാണ് നമ്മളെല്ലാവരും. അതുകൊണ്ടുതന്നെ ചെറിയ കലഹങ്ങളില്‍ നിന്നുണ്ടാകുന്ന പിണക്കങ്ങള്‍ക്കും നീണ്ടുനില്‍ക്കുന്ന വൈരാഗ്യങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും വിവേകമുള്ളവരുടെ മനസില്‍ ഒരു സ്ഥാനവുമില്ല.
‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
പുത്രമിത്രാദികളത്രാദി സംഗമം എത്രയും
അല്പകാലസ്ഥിതമോര്‍ക്ക നീ
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ
താന്തങ്ങളായി വിയോഗം വരും പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങള് പോലെയീ
യല്പമെത്രയുമാലയ സംഗമം’ –
മലയാളത്തിലെ പ്രസിദ്ധമായ ഈ കവിതാഭാഗവും പറയുന്ന ആശയവും മറ്റൊന്നല്ല. ‘ഉള്ളി തൊലി പൊളിച്ചതുപോലെ’ കഴമ്പില്ലാത്ത കാര്യങ്ങളെ മനസിലിട്ടു വലുതാക്കി ‘ എല്ലാവരോടും പകയോടെ’ ജീവിക്കുന്നവര്‍ ഓര്‍ക്കുക: ഇത് എന്തിനുവേണ്ടി? എപ്പോള്‍ വേണമെങ്കിലും നിലച്ചു പോകാവുന്ന ഒരു ഹൃദയമിടിപ്പിന്റെ ബലത്തില്‍ ജീവിക്കുന്ന നമുക്ക് എന്തിനാണ് ഇത്രയും കടുംപിടുത്തങ്ങളും വാശികളും? ഒന്നു സംസാരിച്ചാല്‍ തീരാവുന്ന, ക്ഷമിച്ചാല്‍ ഒഴിവാക്കാവുന്ന, തെറ്റിദ്ധാരണ മാറ്റിയാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളില്‍, അതിനു തയ്യാറാകാത്തതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ നീറിനീറി കഴിയേണ്ടി വരുന്നവരുമുണ്ട്. എന്തുകൊണ്ടാണിങ്ങനെ?
അത്ര പ്രസക്തമല്ലാത്ത പലതിനും അനാവശ്യ ഗൗരവം കൊടുക്കുന്നിടത്താണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. മുകളില്‍ കഥയില്‍, യുവതി പറഞ്ഞതുപോലെ ‘ഇത്ര ചെറിയ ഒരു കാര്യത്തിന് എന്തിന് ഞാന്‍ വലിയ പ്രാധാന്യം കൊടുക്കണം’ എന്ന് ഇക്കൂട്ടര്‍ ചിന്തിക്കേണ്ടതാണ്. ഒരു ചെറിയ കാര്യത്തില്‍ പ്രകോപിതരാകാനുള്ള വലിപ്പമേ നമ്മുടെ മനസിനുള്ളൂ എന്നത് കഷ്ടമാണ്. വിവാഹ സല്ക്കാരത്തിനിടയില് വിളമ്പിയ പപ്പടം തികയാതെ പോയതിന്റെ പേരില്‍ ഭക്ഷണത്തിനിരുന്നവരും വിളമ്പുകാരനും തമ്മില്‍ പറഞ്ഞു തുടങ്ങിയ ‘കശപിശ’ ചെന്നവസാനിച്ചത്, വിവാഹപ്പന്തലില്‍ വച്ചുതന്നെ വരനും വധുവും വേര്‍പിരിയുന്ന ഘട്ടത്തിലേയ്ക്ക്. നല്ല വാക്ക് പറഞ്ഞ് ‘ ഒതുക്കാവുന്ന’ ഒരു സന്ദര്‍ഭം ചെറിയ പ്രകോപനത്തില്‍ പടുകുഴിയിലേക്ക് വീണുപോയി.
കാര്യം മുഴുവനായും അറിയുന്നതിനുമുമ്പ് പെട്ടെന്ന് പ്രതികരിക്കാനിറങ്ങുന്നവരും ഇതേ അപകടവഴിയിലാണ് യാത്ര ചെയ്യുന്നത്. വിവേകം വികാരത്തിനു വഴിമാറുമ്പോള്‍ പുറത്തുവരുന്ന വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ‘ബെല്ലും ബ്രേയ്ക്കും’ നഷ്ടപ്പെടുന്നു. വികാരപ്രകടനത്തിനിടയില്‍ വേദനിക്കേണ്ടി വരുന്നവരെക്കുറിച്ച് ഇവര്‍ക്ക് തെല്ലും വീണ്ടുവിചാരമില്ല. ആരുടെ ഭാഗത്തുനിന്ന് ബുദ്ധിമുട്ടുണ്ടാകുന്നുവോ, അവരെക്കുറിച്ചോ അവരുടെ സാഹചര്യങ്ങളെക്കുറിച്ചോ മനസിലാക്കാന്‍ ശ്രമിക്കാത്തതും പ്രശ്നങ്ങള്‍ക്ക് വഴിമരുന്നിടും. കഥയിലെ ‘പ്രശ്നക്കാരി’ പ്രായമായ ഒരു പാവം സ്ത്രീയായിരുന്നു. പ്രായം കൂടിയ സ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് ശാരീരിക വിഷമതകള്‍ ഉണ്ടാവാം. പെരുമാറ്റ മര്യാദകള്‍ അറിയില്ലായിരിക്കാം. കയ്യിലിരുന്ന പൊതികള്‍ താഴെ വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന ചിന്തയില്‍ ഇരുന്ന സീറ്റില്‍ തന്നെ വയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ കൂടെ ഇരുന്നവര്‍ക്ക് അത് ബുദ്ധിമുട്ടാകുമോ എന്നു ചിന്തിക്കാന്‍ പറ്റാത്തതായിരിക്കാം. എന്നാല്‍ പ്രതികരിക്കാതിരുന്ന ആ യുവതി ഒരുപക്ഷേ ഈ രീതിയില്‍ ചിന്തിച്ചിരിക്കാം. ഈ ബുദ്ധിമുട്ടുകള്‍ സഹിച്ച് അല്പസമയത്തേക്ക് മാത്രം ഒരുമിച്ചിരുന്നാല്‍ മതിയല്ലോ എന്ന് ചിന്തിച്ച് സ്വയം സമാധാനിച്ചിരിക്കാം. ഈ നല്ല ചിന്തയിലും ഹൃദയവിശാലതയിലും ഒരു അനാവശ്യ സംസാരവും മോശമായ രംഗങ്ങളും ഒഴിവാക്കാന്‍ സാധിച്ചു.
ചെറിയ കാര്യങ്ങള്‍ക്ക് പോലും വിട്ടുകൊടുക്കാനും ക്ഷമിക്കാനും പലര്‍ക്കും കഴിയുന്നില്ല. വിട്ടുകൊടുക്കുന്നതും ക്ഷമിക്കുന്നതും നാണക്കേടായും കഴിവുകേടായും ചിത്രീകരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ എല്ലാവര്ക്കും എല്ലാവരേയും തോല്പിക്കാനും എപ്പോഴും ജയിക്കാനുമാണിഷ്ടം. എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ പ്രവണതയല്ല. എപ്പോഴെങ്കിലും ജീവിതത്തില്‍ പറഞ്ഞു ജയിക്കാനോ പ്രവര്‍ത്തിച്ചു കാണിക്കാനോ പറ്റാതെ വരുമ്പോള്‍ അന്നുമുതല്‍ എതിര്‍വശത്തു നില്‍ക്കുന്നവരെല്ലാം ശത്രുക്കളായി ഗണിച്ചുതുടങ്ങും. ആത്മാഭിമാനത്തിനേറ്റ മുറിവായി സ്വയം പരിതപിക്കാനും തുടങ്ങും.
ആരോഗ്യകരമല്ലാത്ത, മാനസിക സന്തോഷത്തെയും ഊര്‍ജ്ജത്തെയും കെടുത്തുന്ന തരത്തിലുള്ള ചിന്തകളിലും സംസാരങ്ങളിലും പ്രവൃത്തികളിലും കൂട്ടുകെട്ടുകളിലും നിന്ന് അകന്ന് നില്‍ക്കുന്നത് ജീവിത സുഖവും സന്തോഷവും നേടിത്തരുന്ന പ്രധാനകാര്യമാണ്. ഓരോ കാര്യത്തിനും അര്‍ഹിക്കുന്ന പരിഗണന മാത്രം കൊടുക്കാനും ഉപകരിക്കാത്ത കാര്യങ്ങള്‍, ഒട്ടും പരിഗണന കൊടുക്കാതെ വിട്ടുകളയാനും നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു, ഹൃദയം വലുതാക്കേണ്ടിയിരിക്കുന്നു.
പ്രാധാന്യം തീരെ കുറഞ്ഞ കാര്യങ്ങളില്‍ തട്ടി നമ്മുടെ ജീവിതവും സന്തോഷവും സൗഹൃദങ്ങളും തകര്‍ന്നു പോകാതിരിക്കട്ടെ. ‘ഈഗോ’ നമ്മ ഭരിക്കാതെ ‘ഈശോ’യുടെ കരുണാര്‍ദ്രമായ സഹോദര സ്നേഹഭാവം നമ്മെ ഭരിക്കട്ടെ. നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പി.ആര്.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
Leave a Reply