ലണ്ടന്‍: പാര്‍ലമെന്റിനെ പിടിച്ചു കുലുക്കിയ ലൈംഗികാപവാദങ്ങള്‍ക്ക് പിന്നാലെ ഡിഫന്‍സ് സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലന്‍ രാജിവെച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഒരു നേതാവ് അവയുടെ അടിസ്ഥാനത്തില്‍ രാജിവെക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പ്രധാനമന്ത്രി തെരേസ മേയുടെ അടുത്ത അനുയായിയുമാണ് ഫാലന്‍. താന്‍ പ്രതിനിധാനം ചെയ്യുന്ന സായുധ സൈന്യത്തിന്റെ നിലവാരത്തിന് ചേരാത്തതായിരുന്നു ഭൂതകാലത്തില്‍ തന്റെ പെരുമാറ്റമെന്ന് ഫാലന്‍ സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അനുദിനം ലൈംഗികാരോപണങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പ്രത്യക്ഷപ്പെടുന്നതിനിടെയാണ് ഈ പ്രശ്‌നങ്ങളില്‍ത്തട്ടി ഒരു മന്ത്രി രാജിവെക്കുന്നത്. വെസ്റ്റ്മിന്‍സ്റ്ററിന്‍ ഈ രാജി വലിയ നടുക്കം സൃഷ്ടിക്കും. ആരോപണങ്ങളും പെരുമാറ്റദൂഷ്യവും അന്വേഷിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. തന്റെ കീഴിലുള്ളവര്‍ ആരോപണ വിമുക്തരായിരിക്കണമെന്ന് തെരേസ മേയ്ക്ക് നിര്‍ബന്ധമുള്ളതിനാലാണ് രാജിയെന്ന് ഫാലന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ചയും നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു ജീവനക്കാരി ഉന്നയിച്ച ആരോപണത്തിനൊപ്പം കടന്നുപിടിച്ചതായി ഒരു ജീവനക്കാരനും കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ രണ്ട് നേതാക്കള്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്.
Leave a Reply