ബര്‍മിംഗ്ഹാം: മനുഷ്യന്റെ സ്വാര്‍ത്ഥതയക്ക് ഏതളവ് വരെ പോകാനാകും? ചിലപ്പോള്‍ മറ്റൊരാള്‍ അപകടത്തില്‍പ്പെടുമ്പോള്‍ തോന്നുന്ന സഹാനുഭൂതിക്ക് സാധാരണക്കാരുടെ ഉള്ളിലുള്ള സ്വാര്‍ത്ഥത വഴിമാറാറുണ്ട്. അത് കണ്ടില്ലെന്ന് നടിക്കുന്നവരെ ക്രൂരന്മാര് എന്നാണ് സമൂഹം വിശേഷിപ്പിക്കുക. ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഇത്തരം സ്വഭാവക്കാര്‍ സമൂഹത്തില്‍ കുറവല്ല എന്ന സൂചനയാണ് നല്‍കുന്നത്. രക്തം ഛര്‍ദ്ദിച്ചുകൊണ്ടിരുന്ന ഒരാളെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ ആംബുലന്‍സിന്റെ വിന്‍ഡ്ഷീല്‍ഡില്‍ കണ്ടെത്തിയ ഒരു കുറിപ്പാണ് ഇത് തെളിയിക്കുന്നത്. നിങ്ങള്‍ ഒരു ജീവന് രക്ഷിക്കുകയായിരിക്കാം. പക്ഷേ എന്റെ വാഹനത്തിന്റെ വഴിമുടക്കിക്കൊണ്ട് നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യരുതെന്നായിരുന്നു കുറിപ്പ്.
ഇന്നലെ ഉച്ചക്ക് ബര്‍മിംഗ്ഹാമിലെ സ്മോള്‍ ഹീത്തിലാണ് സംഭവമുണ്ടായത്. രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്ന എന്‍എച്ച്എസ് ആംബുലന്‍സ് സ്ഥലത്ത് അരമണിക്കൂറോളം ചെലവഴിച്ചിരുന്നു. ആംബുലന്‍സ് ജീവനക്കാര്‍ രോഗിയെ പരിചരിക്കുന്നതിനിടയിലാണ് ഈ കുറിപ്പ് ആംബുലന്‍സിന്റെ വിന്‍ഡ് ഷീല്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് പറയണമെന്ന് അറിയില്ലെന്നാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് ആംബുലന്‍സ് സര്‍വീസ് വക്താവ് പ്രതികരിച്ചത്.
ആശുപത്രിയില്‍ വിവരമറിയിച്ച് രോഗിയുമായി എത്രയും വേഗം പോകുകയായിരുന്നു ആംബുലന്‍സ്. രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. മിക്ക സമയങ്ങളിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടണ്ടാകാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യാന്‍ ജീവനക്കാര്‍ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ അതിന് കഴിയാറില്ല. രോഗിക്കാണ് പ്രാധാന്യം നല്‍കാറുള്ളതെന്നും വക്താവ് പറഞ്ഞു. ആംബുലന്‍സ് സര്‍വീസ് ഈ കുറിപ്പിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയ രോഷപ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply