യുകെ മലയാളികള്‍ക്ക് ദുഖത്തിന്റെ മറ്റൊരു ദിനം സമ്മാനിച്ച് കൊണ്ട് യുകെയില്‍ മറ്റൊരു മലയാളി മരണം കൂടി. യുകെകെസിഎ മിഡില്‍സ് ബറോ യൂണിറ്റ് പ്രസിഡണ്ട് ബെന്നി മാത്യു (52) ആണ് ഇന്ന് വെളുപ്പിന് നിര്യാതനായത്. കോട്ടയം അതിരൂപത മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ് ബെന്നി മാത്യു. ഭാര്യ സാലി ബെന്നി പയ്യാവൂര്‍ ആനാലി പാറയില്‍ കുടുംബാഗം ,മക്കള്‍ സ്റ്റെഫിനി , ബോണി. മൃത സംസ്‌ക്കാരം പിന്നീട് യുകെയില്‍ നടക്കും. ക്യാന്‍സര്‍ രോഗ ബാധിതനായി കുറച്ച് നാളുകളായി  ചികിത്സയില്‍ ആയിരുന്നു ബെന്നി.

മിഡില്‍സ്ബറോ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും യുകെകെസിഎ യൂനിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ സാമുദായിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു ബെന്നി മാത്യു. അസുഖം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് ഒന്നരയോടെ സ്ഥിതി വഷളാവുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മരണ സമയത്ത് ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സീറോമലബാര്‍ ന്യൂകാസില്‍ ഇടവക വികാരി ഫാ. സജി തോട്ടത്തില്‍ മരണ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട് ബെന്നിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും മറ്റ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി സ്ഥലത്തുണ്ട്. ബെന്നിയുടെ സഹോദരന്‍ സിജോ മാത്യു സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആണ് താമസം.

ബെന്നി മാത്യുവിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീം അംഗങ്ങളുടെ അനുശോചനങ്ങള്‍.