ലണ്ടന്‍: കുടിയേറ്റക്കാരെ ബാധിക്കാനിടയുള്ള സര്‍ക്കാര്‍ നയത്തിനെതിരെ എംപിമാര്‍. അക്കൗണ്ട് ഉടമകളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന ബില്ലിനെതിരെ 60ലേറെ എംപിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബറില്‍ നിലവില്‍ വന്ന നിയമമനുസരിച്ചുള്ള ആദ്യ പരിശോധന ജനുവരിയില്‍ നടക്കാനിരിക്കെയാണ് ഹോം സെക്രട്ടറി ആംബര്‍ റൂഡിന് എംപിമാര്‍ തുറന്ന കത്തയച്ചിരിക്കുന്നത്. ഗ്രീന്‍ പാര്‍ട്ടി നേതാവ് കരോളിന്‍ ലൂകാസ്, ലേബര്‍ എംപി ഡേവിഡ് ലാമി, മനുഷ്യാവകാശ സംഘടന ലിബര്‍ട്ടി തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും 70 ദശലക്ഷം അക്കൗണ്ടുകള്‍ പരിശോധിക്കാനുള്ള ചുമതലയാണ് ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും പുതിയ നിയമത്തിലൂടെ നല്‍കിയിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍, ന്യൂനപക്ഷ, ഗോത്ര വിഭാഗങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും നിയമപരമായി യുകെയില്‍ താമസിക്കുന്ന കുടിയേറ്റക്കാരെപ്പോലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും കത്ത് മുന്നറിയിപ്പ് നല്‍കുന്നു. തികച്ചും മനുഷ്യത്വ വിരുദ്ധമെന്നാണ് നിയമത്തെ എംപിമാരും അക്കാഡമിക് സമൂഹവും ക്യാംപെയിന്‍ ഗ്രൂപ്പുകളും വിശേഷിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടിയേറ്റക്കാരുടെ കാര്യത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ പോലും കാര്യക്ഷമത കാണിക്കാത്ത ഹോം ഓഫീസ് ഈ ഉദ്യമവുമായി ഇറങ്ങിയാല്‍ അബദ്ധങ്ങളില്‍ ചാടുമെന്നും കുടിയേറ്റക്കാര്‍ പലരും അന്യായമായി തിരികെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. വിസ കാലാവധി കഴിഞ്ഞവരുടെയും അഭയാര്‍ത്ഥികളുടെയും ഡീപോര്‍ട്ടേഷന് വിധിക്കപ്പെട്ട വിദേശ പൗരന്‍മാരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യ വര്‍ഷത്തില്‍ത്തന്നെ നിയമ വിരുദ്ധമായി കഴിയുന്ന 6000ത്തോളെ പേരെ പിടികൂടാനാകുമെന്നാണ് ഹോം ഓഫീസ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.