ബധിരനും മൂകനുമായ തൊടുപുഴക്കാരന് സജി തന്റെ പരിമിതികളെ മറി കടന്ന് സ്വന്തമായി വിമാനം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിയ യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച് കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘വിമാനം’ ഇന്ന് മുതല്‍ യുകെ തിയേറ്ററുകളില്‍ പറന്നിറങ്ങുന്നു. ഒരു ലക്ഷ്യം മനസ്സില്‍ രൂപപ്പെടുത്തുകയും അതിനായി അക്ഷീണം പ്രയത്നിച്ച് പ്രതിബന്ധങ്ങളെ മറികടന്ന് ആ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന വളരെ നല്ല ഒരു സന്ദേശം ഉള്‍ക്കൊള്ളുന്ന ‘വിമാനം’ ഈ അവധിക്കാലത്ത് കുട്ടികളോടൊപ്പം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.
പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു പരിധിയില്ല. സത്യസന്ധമായ ആഗ്രഹവും തീവ്രമായ ശ്രമവും ഒരാളെ വിജയത്തിന്റെ ആകാശങ്ങളിലേയ്ക്കു നയിക്കുന്നു. പറക്കാനാഗ്രഹിച്ച ഒരു കുട്ടിയുടെ ലക്ഷ്യത്തിലേയ്ക്കുള്ള പൊങ്ങിപ്പറക്കലിന്റെ കഥയാണ് വിമാനം.
പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയഗാഥയാണ്. ഏച്ചുകെട്ടലുകളില്ലാതെ, അത്യുക്തി കലരാതെ സ്വാഭാവികമായും സത്യസന്ധമായും അത് തിരശ്ശീലയിലെത്തിച്ചപ്പോള്‍ ഉടലെടുത്തത് അതിമനോഹരമായ ഒരു ചലച്ചിത്രമാണ്. ശാരീരിക പരിമിതികളെ മറികടന്ന് സ്വന്തമായി വിമാനം രൂപകല്പന ചെയ്ത് പറപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ തൊടുപുഴ സ്വദേശി സജിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.
ചെറുപ്പം മുതല്‍ വിമാനമുണ്ടാക്കാനും വിമാനത്തില്‍ പറക്കാനും ആഗ്രഹിച്ച, കേള്‍വി പരിമിതിയുള്ള ഒരു കുട്ടിയുടെ തീവ്രമായ ആഗ്രത്തിന്റെയും പ്രതിസന്ധികളെ മറികടന്നുള്ള അവന്റെ വിജയത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ഒപ്പം, അവന്റെ ചില പരാജയങ്ങളുടെയും നഷ്ടങ്ങളുടെയും കഥയും. പത്മഭൂഷന്‍ പുരസ്കാരം നേടിയ പ്രൊഫ. വെങ്കിടേശ്വരന് എന്ന ശാസ്ത്രജ്ഞനില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അയാളുടെ ഓര്‍മകളിലൂടെ യുവാവായ വെങ്കിടിയുടെ ജീവിതത്തിലേയ്ക്ക് സിനിമ പറക്കുന്നു. അത് ഒരേസമയം അയാളുണ്ടാക്കുന്ന വിമാനത്തിന്റെ കഥയും അയാളുടെ പ്രണയത്തിന്റെ കഥയുമാണ്.
വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തി അമ്മാവന്റെ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്യുമ്പോഴും വെങ്കിടിയുടെ സ്വപ്നം വിമാനമാണ്. സ്വന്തമായി വിമാനമുണ്ടാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അയാള്‍. അയാള്‍ക്ക് പിന്തുണയുമായി ഒപ്പമുള്ളത് അയാളുടെ അമ്മാവനും (സുധീര്‍ കരമന) പാപ്പ എന്നു വിളിക്കുന്ന റോജര്‍ (അലന്‍സിയര്‍) എന്ന പ്രൊജക്ഷനിസ്റ്റുമാണ്. പിന്നെ, ജാനകിയും.
സമീപവാസിയായ ജാനകി (ദുര്‍ഗ ലക്ഷ്മി) യുമായി അയാള്‍ക്കുള്ളത് കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. വെങ്കിടിക്ക് വിമാനത്തോടുള്ള പ്രണയവും അവളോടുളള പ്രണയവും സമാന്തരമായാണ് വളരുന്നതും വികസിക്കുന്നതും. നാട്ടുകാര്‍ പൊട്ടനെന്നും ഭ്രാന്തനെന്നും വിളിച്ചു പരിഹസിക്കുന്ന വെങ്കിടിയുടെ കഴിവുകളും അയാളുടെ ആഗ്രത്തിന്റെ തീവ്രതയും യഥാര്‍ഥത്തില്‍ അറിയുന്നത് ജാനകിക്കാണ്. ഊണിലും ഉറക്കത്തിലും താനുണ്ടാക്കുന്ന വിമാനത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വെങ്കിടിക്ക് ഊര്‍ജം പകരുന്നത് അവളാണ്. താനുണ്ടാക്കുന്ന വിമാനത്തില്‍ അവള്‍ക്കൊപ്പം പറക്കുക എന്നതാണ് വെങ്കിടിയുടെ ഏറ്റവും വലിയ ആഗ്രഹം.
വെങ്കിടിയുടെ വിമാനം എന്ന സ്വപ്നവും അയാളുടെ പ്രണയവും സമാന്തരമായാണ് സിനിമ നെയ്തെടുക്കുന്നത്. വിദഗ്ധമായി ഈ രണ്ടു ധാരയേയും കൂട്ടിയിണക്കാന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് സാധിക്കുന്നണ്ട്. വിമാനം പോലെതന്നെ പ്രണയവും നേരിടുന്ന പരാജയങ്ങളും പ്രതിബന്ധങ്ങളും സിനിമയുടെ പ്രധാന വിഷയംതന്നെയാണ്. പ്രണയത്തിന്റെ സംഘര്‍ഷങ്ങളും പരിണാമവും മുഖ്യ പ്രമേയത്തോട് കലാത്മകമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു.
മലയാളക്കര കീഴടക്കിയ ‘വിമാനം’ യുകെയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലെയും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. സിനി വേള്‍ഡ്, ഓഡിയോണ്‍, വ്യു, പിക്കാഡിലി, ബോളീന്‍ തുടങ്ങിയ തിയേറ്ററുകളിലെല്ലാം എല്ലാം ഈ കുടുംബ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്കിഷ്ടമുള്ള തിയേറ്ററുകളില്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്ത് നിങ്ങള്‍ക്ക് ഈ സിനിമ കണ്ടാസ്വദിക്കാവുന്നതാണ്.
Leave a Reply