ലണ്ടൻ∙ ബ്രിട്ടനിലെ കാർ വിപണിയിൽ വൻ ഇടിവ്. ആറു വർഷത്തെ ഏറ്റവും വലിയ കുറവാണ് പുതിയ കാറുകളുടെ വിൽപനയിൽ കഴിഞ്ഞ വർഷം കാർ വിപണിയിൽ രേഖപ്പെടുത്തിയത്. ഇതിൽതന്നെ ഡീസൽ കാറുകളുടെ വിൽപനയിൽ വന്ന വൻ ഇടിവാണ് വിപണിയെ ഏറെ തളർത്തിയത്.
ലണ്ടൻ ഉൾപ്പെടെയുള്ള വൻ നഗരങ്ങളിൽ പഴയ ഡീസൽ കാറുകൾക്ക് ഏർപ്പെടുത്തിയ പ്രത്യേക എമിഷൻ സർചാർജാണ് (ടി. ചാർജ്) വിപണിയെ തളർത്തിയതിൽ മുഖ്യ പങ്കുവഹിച്ചത്. ഭാവിയിൽ ഡീസൽ കാറുകൾ രാജ്യത്ത് പൂർണമായും ഇല്ലാതാകുമെന്ന പ്രചാരണവും പുതിയ ഡീസൽ കാറുകൾ വാങ്ങുന്നതിൽനിന്നും ആളുകളെ പിന്തിരിപ്പിച്ചു. വാഹനം പഴകുംതോറും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയുണ്ടാകുമെന്ന ഭീതിയാണ് ഇതിനു പ്രധാന കാരണമായത്.
രാജ്യത്താകെ 25 ലക്ഷത്തോളം പുതിയ കാറകളാണ് കഴിഞ്ഞവർഷം റജിസ്റ്റർ ചെയ്തത്. ഇത് 2016ലേതിനേക്കാൾ 5.7 ശതമാനം കുറവാണ്. ഡീസൽ കാറുകളുടെ മാത്രം വിൽപനയിൽ 2016ലേതിനേക്കാൾ 17.1 ശതമാനം കുറവാണ് 2017ൽ രേഖപ്പെടുത്തിയത്. നടപ്പുവർഷവും കാർ വിൽപനയിലെ കുറവ് തുടരുമെന്നാണ് സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സിന്റെ നിഗമനം.
Leave a Reply