ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന അഹിന്ദുക്കളെ ഒഴിവാക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ ഒരുങ്ങുന്നു. ഒഴിവാക്കാതിരിക്കാന്‍ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹിന്ദുക്കളല്ലാത്ത ജീവനക്കാര്‍ക്ക് ദേവസ്വത്തിന്റെ നോട്ടീസ് ലഭിച്ചു. ക്ഷേത്രത്തിന്റെ വിവിധ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 44 ജീവനക്കാരെയാണ് ഒഴിവാക്കുക. തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ജീവനക്കാരെയാണ് ദേവസ്വം ജോലിയില്‍ നിന്ന് ഒഴിവാക്കുന്നത്.
പകരം ഇവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ സമാനമായ വേതന വ്യവസ്ഥയില്‍ ജോലി നല്‍കും. ഒഴിവാക്കുന്നതില്‍ 39 പേര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുള്ളവരാണ്. ബാക്കിയുള്ളവര്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവരുമാണ്. 1989 വരെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിന് ശേഷം 2007 വരെ അനധ്യാപക തസ്തികയിലേക്ക് മാത്രമായി ഹിന്ദുക്കളല്ലാത്തവര്‍ക്ക് അപേക്ഷിക്കാമെന്ന് സ്ഥിതി വന്നു. 2007 റിക്രൂട്ട്‌മെന്റ് വ്യവസ്ഥയില്‍ ഭേദഗതി വരുത്തി മുഴുവന്‍ ജോലിയും ഹിന്ദു വിഭാഗങ്ങള്‍ക്കായി നിജപ്പെടുത്തി.
തിരുപ്പതിയിലെ പ്രതിഷ്ഠയായ ബാലാജിയോട് തന്റെ വിശ്വാസം രേഖപ്പെടുത്താത്ത ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്ന വ്യവസ്ഥ അനുസരിച്ചാണ് അന്ന് ഈ ഭേദഗതി കൊണ്ടുവന്നത്. 1989 മുതല്‍ 2007 വരെയുള്ള കാലത്താണ് ഒഴുവാക്കുന്ന 44 ജീവനക്കാരും ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. ഹിന്ദുക്കളല്ലാത്ത ജീവനക്കാരെ ഒഴിവാക്കുന്നതിന് പുറമെ ക്ഷേത്ര ജീവനക്കാര്‍ മുഴുവനും തിരുനാമം എന്നറിയപ്പെടുന്ന അടയാളം നെറ്റിയില്‍ നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.
Leave a Reply