വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ കണ്ട പരിചിത മുഖം ഓട്ടോയിൽ, കൊട്ടാരക്കര കുളക്കട നിവാസികൾ പരസ്പരം പറഞ്ഞു, എല്ലാരും അടുത്തുകൂടി. അതെ, ഇത് അനുശ്രീതന്നെ! ഡയമണ്ട് നെക്ലസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇരിപ്പിടം നേടി പിന്നെ റെഡ് വൈൻ, വെടിവഴിപാട്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ ഇഷ്ടക്കാരിയായ അതേ അനുശ്രീ. ഇവിടെ ഓട്ടോ റിക്ഷ പഠിക്കാനെത്തുമെന്ന് ആരും നിനച്ചില്ല. ആശ്ചര്യം മാറിക്കഴിഞ്ഞപ്പോൾ പരിചയപ്പെടാനും സെൽഫിയെടുക്കാനുമൊക്കെ പലരും വട്ടംചുറ്റി. ആദ്യം മടിച്ചെങ്കിലും പിന്നെ കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. കാണാനെത്തിയവരും ഹാപ്പി.
പുതിയ സിനിമയിൽ ഓട്ടോക്കാരിയായാണ് അനുശ്രീ എത്തുന്നത്. അതിന് വേണ്ടി ഡ്രൈവിംഗ് പഠിക്കുകയാണ്. നാട്ടിൽ പഠിക്കാൻ ചമ്മൽ ഉള്ളതിനാലാണ് പത്തനാപുരം കമുകുംചേരിയിൽ നിന്നും താഴത്ത് കുളക്കട ഗ്രൗണ്ടിലേക്ക് എത്തിയത്. കൊട്ടാരക്കര ശ്രീഹരി ഡ്രൈവിംഗ് സ്കൂളിലെ മനോജാണ് പരിശീലകൻ. ഇരുചക്ര വാഹനത്തിന്റെയും നാല് ചക്രത്തിന്റെയും ലൈസൻസ് പണ്ടേ ഉള്ളതിനാൽ കൈവിറച്ചില്ല. ദക്ഷിണ വച്ച് ഡ്രൈവിംഗ് സീറ്റിൽ കയറി. പിന്നെ പഠിത്തം തുടങ്ങി രണ്ട് മണിക്കൂർ കൊണ്ട് ഓട്ടോക്കാരിയായി. ഇനി ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേ ദിവസം കൂടി ഇവിടേക്ക് എത്തുമെന്ന് അനുശ്രീ പറഞ്ഞു. വീണ്ടുമൊന്ന് കൈ തെളിയാൻ!
Leave a Reply