നോര്‍വേ: 2040ഓടെ നിരത്തുകളില്‍ നിന്ന് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നിരവധി രാജ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പകരം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനാണ് പദ്ധതികള്‍ തയ്യാറാകുന്നത്. റോഡുകള്‍ മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാര്‍ എന്നതിനാല്‍ മറ്റു ഗതാഗത മാര്‍ഗങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണവും ഇല്ലാതാക്കാന്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. വിമാന എന്‍ജിനുകള്‍ നടത്തുന്ന മലിനീകരണം പൊതുധാരയില്‍ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറുമില്ല. ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വരികയാണെന്നതിന് തെളിവാണ് സ്കാന്‍ഡ്നേവിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍. 2040ഓടെ ഹ്രസ്വദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വിമാനങ്ങള്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കാനുള്ള പദ്ധതിക്ക് നോര്‍വേ തുടക്കമിട്ടു.
പൊതു ഉടമസ്ഥതയിലുള്ള ഏവിനോര്‍ ആണ് നോര്‍വേയിലെ സിവില്‍ വിമാന ഗതാഗതത്തിന്റെ ഏറിയ പങ്കും നിയന്ത്രിക്കുന്നത്. വ്യോമഗതാഗതം ഇലക്ട്രിക് ആക്കി മാറ്റിക്കൊണ്ട് ലോകത്ത് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം എന്ന പേര് നേടാന്‍ തയ്യാറെടുക്കുകയാണ് ഏവിനോര്‍ എന്ന് ചീഫ് എക്സിക്യൂട്ടീവ് ഡാഗ് ഫോക്ക് പീറ്റേഴ്സണ് പറഞ്ഞു. ഒന്നര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് ഇലക്ട്രിക് വിമാനങ്ങള്‍ ഉപയോഗിക്കാനാണ് തുടക്കത്തില്‍ ശ്രമിക്കുന്നത്. നോര്‍വീജിയന്‍ സ്പോര്‍ട്സ് ഏവിയേഷന്‍ അസോസിയേഷനും പ്രധാനപ്പെട്ട എയര്‍ലൈന്‍ കമ്പനികളുമായി ചേര്‍ന്ന് ഇലക്ട്രിക് വിമാനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിക്ക് 2017ല്‍ നോര്‍വേ തുടക്കമിട്ടിരുന്നു.
ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചുകൊണ്ട് 2050ഓടെ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന വിധത്തിലേക്ക് രാജ്യത്തെ എത്തിക്കാനാണ് നോര്‍വേ ശ്രമിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ 2025ഓടെ രാജ്യത്തു നിന്ന് നീക്കം ചെയ്യുമെന്നാണ് നോര്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം യുകെ അതിന്റെ 60 ശതമാനം പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ 2030ഓടെ പിന്‍വലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Leave a Reply