ലണ്ടന്‍: ചികിത്സാപ്പിഴവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതുള്‍പ്പെടെ സൗത്ത് വെസ്റ്റ് ലണ്ടനിലെ ഹോസ്പിറ്റല്‍ ട്രസ്റ്റ് വരുത്തിവെച്ചത് 70 മില്യന്‍ പൗണ്ടിന്റെ നഷ്ടം. 2012 മുതല്‍ 2017 വരെയുള്ള 5 വര്‍ഷത്തെ കാലയളവില്‍ 67,284,651 പൗണ്ടാണ് ഈ ട്രസ്റ്റിനു വേണ്ടി മാത്രം പൊതു ഖജനാവില്‍ നിന്ന് വിനിയോഗിച്ചത്. ചികിത്സാപ്പിഴവുകള്‍ കൈകാര്യം ചെയ്തതിനും കോടതിച്ചെലവുകള്‍ക്കുമായാണ് ഇത്രയും പണം വിനിയോഗിക്കപ്പെട്ടതെന്നാണ് കണക്ക്. സൗത്ത് വെസ്റ്റ് മേഖലയിലെ 13 ലക്ഷത്തോളം ജനങ്ങള്‍ക്ക് സേവനം നല്കുന്ന ട്രസ്റ്റാണ് ഇത്.
1995ന് മുമ്പുള്ള കാലയളവിലുണ്ടായ ചികിത്സാപ്പിഴവുകള്‍ക്ക് വേണ്ടി മാത്രം 3 മില്യന്‍ പൗണ്ട് നല്‍കേണ്ടി വന്നു. ഇവയില്‍ ഏറെയും പ്രസവ ചികിത്സയുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു. ചികിത്സാപ്പിഴവുകള്‍ക്ക് നഷ്ടപരിഹാരത്തിനായി സമീപിക്കുന്നവരുടെ എണ്ണത്തില്‍ 2016-17 വരെയുള്ള പത്ത് വര്‍ഷങ്ങള്‍ക്കിടെ 4 മടങ്ങ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ പ്രസവ ചികിത്സയിലെ പിഴവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ആകെത്തുകയുടെ മൂന്നില്‍ രണ്ടും ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം കേസുകള്‍ 10 ശതമാനമേ ഉണ്ടാകാറുള്ളുവെങ്കിലും നഷ്ടപരിഹാരത്തുക വളരെ ഉയര്‍ന്നതായിരിക്കും.
പ്രസവ സമയത്ത് സംഭവിക്കുന്ന പിഴവുകള്‍ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മസ്തിഷ്ക തകരാറുകള്‍ അവരുടെ ആജീവനാന്ത പരിചരണം എന്‍എച്ച്എസ് ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിക്കാറുണ്ട്. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഇത്തരം കേസുകളില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് മാതാപിതാക്കള്‍ മനസിലാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 1995 ഏപ്രിലിനു മുമ്പുണ്ടായ ചികിത്സാപ്പിഴവുകള്‍ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവുമായി 152 ദശലക്ഷം പൗണ്ടാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് നല്‍കിയത.് ഇത് ഇംഗ്ലണ്ടിലെ മാത്രം കണക്കാണ്.
Leave a Reply