നോര്‍ത്ത് വെയില്‍സ്: സ്‌കൂളില്‍ പ്രണയം നിരോധിച്ച് ഹെഡ്ടീച്ചര്‍. നോര്‍ത്ത് വെയില്‍സിലെ മുന്‍നിര പബ്ലിക് സ്‌കൂളായ റൂഥിന്‍ സ്‌കൂളിലാണ് കുട്ടികള്‍ തമ്മിലുള്ള പ്രണയത്തിന് ഹെഡ് ടീച്ചര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ തമ്മിലുണ്ടാകുന്ന ബന്ധങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ ഹെഡ്ടീച്ചറായ ടോബി ബെല്‍ഫീല്‍ഡ് വ്യക്തമാക്കി. പതിനൊന്നാം ക്ലാസിലോ ലോവര്‍ സിക്‌സ്ത് ഫോമിലോ പഠിക്കുന്ന കുട്ടികള്‍ പ്രണയിക്കുന്നതായി തെളിഞ്ഞാല്‍ അവരെ പുറത്താക്കുമെന്നും ഇമെയില്‍ സന്ദേശത്തില്‍ ബെല്‍ഫീല്‍ഡ് പറഞ്ഞു.
തന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുകളും ബെല്‍ഫീല്‍ഡ് നല്‍കുന്നുണ്ട്. ബന്ധങ്ങള്‍ തുടരുന്നവര്‍ക്ക് അടുത്ത സെപ്റ്റംബറില്‍ മറ്റു സ്‌കൂളുകള്‍ തേടാമെന്നതാണ് അവയിലൊന്ന്. പ്രണയത്തില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ യൂണിവേഴ്‌സിറ്റി പഠനം ബുദ്ധിമുട്ടിലാകുമെന്ന കാര്യം മനസില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതായത് തനിക്കു മുന്നില്‍ പ്രേമിക്കുന്നവരുടെ യൂണിവേഴ്‌സിറ്റി റഫറന്‍സുകള്‍ താന്‍ മോശം പരാമര്‍ശമായിരിക്കും നല്‍കുകയെന്നാണ് ഹെഡ്ടീച്ചര്‍ പറയുന്നത്.
പ്രണയ ബന്ധങ്ങള്‍ യൂണിവേഴ്‌സിറ്റി കാലഘട്ടത്തില്‍ ആരംഭിക്കാം, പക്ഷേ അത് റൂഥിന്‍ സ്‌കൂളില്‍ വേണ്ടെന്നാണ് ബെല്‍ഫീല്‍ഡിന്റെ നിലപാട്. പ്രേമിച്ചു നടക്കുന്നവരുടെ പട്ടിക താന്‍ തയ്യാറാക്കുന്നുണ്ടെന്നും അടുത്ത സെപ്റ്റംബറില്‍ ഇവരെ പുറത്താക്കുമെന്നുമാണ് അടുത്ത മുന്നറിയിപ്പ്. സ്‌കൂള്‍ പ്രേമിക്കാനുള്ള ഇടമല്ല, പ്രണയത്തിലേക്ക് ‘വഴിതെറ്റാതെ’ റൂഥിന്‍ സ്‌കൂളില്‍ പഠിക്കാനായി മാത്രം ആഗ്രഹിക്കുന്ന കുട്ടികളുണ്ട്. അവര്‍ക്ക് അവസരം നല്‍കാനായി പ്രണയിക്കുന്നവരെ മാറ്റുകയാണെന്നാണ് ന്യായീകരണം.
മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള അധ്യാപകനാണ് ബെല്‍ഫീല്‍ഡ്. വെല്‍ഷ് ഭാഷ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചതിന്റെ പേരില്‍ 2015ല്‍ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പെണ്‍കുട്ടികള്‍ നൈറ്റ് ക്ലബ്ബില്‍ പോകുന്നത് പോലെയാണ് സ്‌കേര്‍ട്ടുകള്‍ ധരിച്ച് സ്‌കൂളിലെത്തുന്നതെന്നും മോശം വിദ്യാര്‍ത്ഥികളാണ് അസുഖമാണെന്ന് അഭിനയിച്ച് സ്‌കൂളില്‍ വരാത്തതെന്നുമുള്ള കാരണങ്ങള്‍ നിരത്തി വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ഇയാള്‍ ശമിച്ചത് വിവാദമായിരുന്നു.
Leave a Reply