ഡെവണ്‍: യുകെയില്‍ പടരുന്ന ഓസി ഫ്ളൂ ബാധ മൂലം മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഡെവണിലെ എക്സെറ്റര്‍ സ്വദേശിയായ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയെന്ന് സ്ഥിരീകരണം. ഓസി ഫ്ളൂ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷമാണ് കുട്ടി മരിച്ചതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. ഈ രോഗബാധ കഴിഞ്ഞയാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡെവണിലാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് രോഗം നിയന്ത്രണവിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ കഠിനാധ്വാനം ചെയ്യുകയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി.
ഏഴു വര്‍ഷങ്ങള്‍ക്കിടെ രേഖപ്പെടുത്തിയ ഏറ്റവും ഭയാനകമായ പകര്‍ച്ചവ്യാധിയാണ് ഇതെന്ന് ഡോക്ടര്‍മാരും പറയുന്നു. മാര്‍ച്ച് അവസാനം വരെ ഇതേ അവസ്ഥ തുടരാനാണ് സാധ്യത. ഇപ്പോള്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച ഒമ്പത് വയസുകാരന് പ്രായം കുറവായതിനാല്‍ എന്‍എച്ച്എസിന്റെ സൗജന്യ ഫ്ളൂ വാക്സിന് ലഭിച്ചിരിക്കാന്‍ ഇടയില്ലെന്നും വ്യക്തമാക്കപ്പെടുന്നു. കുടുംബം ആവശ്യപ്പെട്ടതിനാല്‍ കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നും പിഎച്ച്ഇ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച യുകെയില്‍ രേഖപ്പെടുത്തിയ പനി മരണങ്ങള് മുന്‍ വര്‍ത്തേക്കാള്‍ മൂന്നിരട്ടി അധികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബര്‍ മുതല്‍ 155 പേരാണ് ഈ വിന്ററില്‍ പനി മൂലം മരണപ്പെട്ടത്. ഈ മാസം ആദ്യം ലിവര്‍പൂളില്‍ ഒരു 12കാരന് പനി മൂലം മരിച്ചിരുന്നു. രോഗികളുടെ തിരക്കു മൂലം മിക്ക ആശുപത്രികളിലും ബെഡുകള്‍ ഒഴിവില്ലാതെ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഈ വര്‍ഷം നേരിട്ടത്.
Leave a Reply