ജൊഹാനസ്ബര്‍ഗ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 63 റൺസിനാണ് ഇന്ത്യൻ ജയം. 241 റൺസെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 177 റൺസിന് പുറത്താക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം നിർണായകമായി. ഒരു ഘട്ടത്തിൽ മൽസരം കൈവിട്ടെന്ന് കരുതിയെങ്കിലും ഇന്ത്യൻ പേസർമാർമൽസരം വരുതിയിലാക്കുകയായിരുന്നു. എൽഗാറിനും ഹാഷിം അംലയ്ക്കുമല്ലാതെ മറ്റ് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്ക് പിടിച്ചുനിൽക്കാനായില്ല. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 119 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 52 റൺസെടുത്ത ആംലയെ ഇശാന്ത് ശർമ വീഴ്ത്തിയതോടെയാണ് ഇന്ത്യ മൽസരത്തിലേക്ക് തിരിച്ചുവന്നത്.
ഒരുവശത്ത് അർധ സെഞ്ചുറി നേടിയ എൽഗാറെ(86) കാഴ്ചക്കാരനാക്കി ഷമിയും ഇശാന്തും ഭുവനേശ്വറും ബുംമ്രയും വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യക്കായി ഷമി അഞ്ചും ഇശാന്തും ഇശാന്തും ബുംമ്രയും രണ്ട് വീതവും ഭുവനേശ്വർ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ രണ്ട് ടെസ്റ്റ് മൽസരങ്ങളും വിജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു.
ഇന്ത്യ രണ്ടാമിന്നിങ്സില്‍ 247 റണ്‍സിന് പുറത്തായിരുന്നു. 68 പന്തിൽ 48 റൺസെടുത്ത അജിൻക്യ രഹാനെയാണ് രണ്ടാമിന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 187 റൺസ് നേടിയിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ലോകേഷ് രാഹുൽ (44 പന്തിൽ 16), ചേതേശ്വർ പൂജാര (10 പന്തിൽ ഒന്ന്), മുരളി വിജയ് (127 പന്തിൽ 25), വിരാട് കോഹ്‍ലി (79 പന്തിൽ 41), ഹാർദിക് പാണ്ഡ്യ (11 പന്തിൽ നാല്), ഭുവനേശ്വർ കുമാർ (76 പന്തിൽ 33), മുഹമ്മദ് ഷമി (28 പന്തിൽ 27), ജസ്പ്രീത് ബുംമ്ര (ഏഴു പന്തിൽ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
മൂന്നാം ദിനത്തിലെ രണ്ടാം ഓവറിൽത്തന്നെ ലോകേഷ് രാഹുലിനെ മടക്കി വെർനോൺ ഫിലാൻഡറാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. 44 പന്തിൽ രണ്ട് ബൗണ്ടറി ഉൾപ്പെടെ 16 റൺസെടുത്ത രാഹുലിനെ ഫിലാൻഡർ ഡുപ്ലേസിയുടെ കൈകളിലെത്തിച്ചു. ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടേതായിരുന്നു അടുത്ത ഊഴം. മോണി മോർക്കലിന്റെ ഉജ്വലമായ പന്തിൽ പൂജാരയുടെ ഷോട്ട് വീണ്ടും ഡുപ്ലേസിയുടെ കൈകളിലെത്തി.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‍ലി–വിജയ് സഖ്യം പോരാട്ടം ദക്ഷിണാഫ്രിക്കൻ ക്യാംപിലേക്കു നയിച്ചെങ്കിലും ഇന്ത്യൻ സ്കോർ മൂന്നക്കം തൊട്ടതിനു തൊട്ടുപിന്നാലെ മുരളി വിജയിനെ കഗീസോ റബാഡ പുറത്താക്കി. 127 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 25 റൺസായിരുന്നു വിജയിന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ കോഹ്‍ലിക്കൊപ്പം 43 റൺസ് കൂട്ടിച്ചേർക്കാനും വിജയിനായി. അർധസെഞ്ചുറിയിലേക്കെത്തും മുൻപെ വിരാട് കോഹ്‍ലിയെ റബാഡ ബൗൾഡ് ചെയ്തു പുറത്താക്കി. ടീമിൽ അവസരം ലഭിച്ച അജിൻക്യ രഹാനെയാണ് പിന്നാലെയെത്തിയത്. മധ്യനിരയിലേക്ക് ബാറ്റിങ് ഓർഡറിൽ തള്ളപ്പെട്ടുവെങ്കിലും 48 റണ്‍സോടെ ടോപ് സ്കോററായാണ് രഹാനെ കൂടാരം കയറിയത്. പാണ്ഡ്യയെ റബാഡയും ഭുവനേശ്വർ കുമാറിനെ മോണി മോർക്കലും മുഹമ്മദ് ഷമിയെ എൻഗിഡിയും പുറത്താക്കി. ഫിലാൻഡർക്കു വിക്കറ്റ് സമ്മാനിച്ച് ബുംമ്രയും പുറത്തായതോടെ രണ്ടാമിന്നിങ്സിലെ ഇന്ത്യൻ പോരാട്ടം 247ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാൻഡർ, റബാഡ, മോണി മോർക്കൽ എന്നിവർ മൂന്നു വിക്കറ്റു വീതം വീഴ്ത്തി. എൻഗിഡി ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 187 റൺസിന് പുറത്തായിരുന്നു. തുടർച്ചയായ മൂന്നാം ടെസ്റ്റിലും ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയ്ക്ക് അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി (54), ചേതേശ്വർ പൂജാര (50 എന്നിവരാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വാലറ്റത്ത് ഭുവനേശ്വർ കുമാർ നടത്തിയ പ്രകടനവും (30) ഇന്ത്യയുടെ സ്കോർ 180 കടക്കുന്നതിൽ നിർണായകമായി. ആതിഥേയർക്കായി കഗീസോ റബാഡ മൂന്നു മോണി മോർക്കൽ, വെർനോൺ ഫിലാൻഡർ, ഫെലൂക്‌വായോ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Leave a Reply