ലകനൗ: റിപ്ലബിക്ക് ദിന റാലിക്കിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ നിരോധനാജ്ഞ, കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചിട്ടുണ്ട്. കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനറാലിക്കിടയില്‍ ചിലര്‍ ഒരു വിഭാഗത്തിനെതിരെ മുദ്രാവാക്യം വിളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പലയിടത്തും അക്രമങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ ആക്രമണത്തിനിടയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സംസ്‌ക്കാര ചടങ്ങിന് ശേഷമാണ് വീണ്ടും അക്രമം ആരംഭിച്ചത്. കനത്ത സുരക്ഷയാണ് കസ്ഗഞ്ച് ജില്ലയിലും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി വൈകിയും പല സ്ഥലങ്ങളിലും അക്രമം തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 49 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി കാസ്ഗഞ്ച് മജിസ്ട്രേറ്റ് ആര്‍ പി സിംഗ് വ്യക്തമാക്കി.

സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കസ്ഗജ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുപി സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റിപ്ലബിക്ക് ദിനത്തില്‍ അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിയില്‍ ഒരു വിഭാഗം മറ്റു വിഭാഗത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.