ലോസ്ആന്‍ജലസ്: സ്പീഡ് ക്യാമറകള്‍ സൂപ്പര്‍കാറുകള്‍ക്ക് പലപ്പോഴും വില്ലനാകാറുണ്ട്. സെലിബ്രിറ്റികള്‍ക്കാണ് മിക്കപ്പോഴും അമിത വേഗതയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കാറുള്ളതും. എന്നാല്‍ സ്പീഡ് ക്യാമറകളെ കബളിപ്പിക്കാനുള്ള സാങ്കേതികവിദ്യ തനിക്ക് അറിയാമെന്നാണ് സെലിബ്രിറ്റി ഷെഫ് ആയ ഗോര്‍ഡന്‍ റാംസേ പറയുന്നത്. തന്റെ ഫെരാരി കാലിഫോര്‍ണിയ ടി മോഡലില്‍ 200 മൈല്‍ വേഗതയില്‍ ലോസ്ആന്‍ജലസിലെ ഫ്രീവേകളില്‍ കൂടി പാഞ്ഞിട്ടും ടിക്കറ്റുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് റാംസേയുടെ വെളിപ്പെടുത്തല്‍. എല്‍എ ഫ്രീവേകളില്‍ 65 മൈലാണ് അനുവദിച്ചിട്ടുള്ള പരമാവധി വേഗത.

ഒരു പൊടിക്കൈ പ്രയോഗമാണത്രേ തന്റെ കാറിനെ ക്യാമറകളില്‍ നിന്ന് മറച്ചു പിടിക്കുന്നത്. ലൈസന്‍സ് പ്ലേറ്റില്‍ കുക്കിംഗിനും മറ്റും ഉപയോഗിക്കുന്ന ക്ലിംഗ് ഫിലിം ഒട്ടിക്കുകയാണ് റാംസേ ചെയ്യുന്നത്. ഈ പ്ലാസ്റ്റിക് ഫിലിം ഒട്ടിച്ചാല്‍ ക്യാമറ ഫ്‌ളാഷുകളെ അത് പ്രതിഫലിപ്പിക്കുകയും വാഹനത്തിന്റെ നമ്പര്‍ ക്യാമറയില്‍ പതിയുകയുമില്ല. പുലര്‍ച്ചെ 2.30നും മറ്റും താന്‍ ഫ്രീവേകളിലൂടെ പാഞ്ഞു നടന്നിട്ടും പോലീസിന് ഇതേവരെ പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും റാംസെ അവകാശപ്പെട്ടു.

ലാസ് വേഗാസില്‍ തന്റെ പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച റാംസേ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യുകെയില്‍ റാംസെക്ക് എട്ട് ഫെരാരികള്‍ സ്വന്തമായുണ്ട്. തനിക്ക് ഫെരാരികളില്‍ സഞ്ചരിക്കാനാണ് താല്‍പര്യമെന്നും റാംസേ പറയുന്നു.