ഹാംപ്ഷയര്‍: ബ്രിട്ടീഷ് തെരുവുകളെ മയക്കുമരുന്നിന്റെ ലഹരിയില്‍ മുക്കാനുള്ള ശ്രമത്തിന് തടയിട്ട് വന്‍ കൊക്കെയ്ന്‍ വേട്ട. ഹാംപ്ഷയറിലെ ഫാണ്‍ബറോ വിമാനത്താവളത്തിലാണ് വന്‍ മയക്കുമരുന്ന കള്ളക്കടത്ത് പിടിച്ചത്. കൊളംബിയയിലെ ബൊഗോട്ടയില്‍ നിന്നെത്തിയ സ്വകാര്യ ജെറ്റില്‍ നിന്നാണ് കൊക്കെയ്ന്‍ പിടിച്ചത്. പ്രത്യേകം ഡിസൈന്‍ ചെയ്ത സ്യൂട്ട്‌കെയ്‌സുകളില്‍ നിറച്ച 500 കിലോ കൊക്കെയ്‌നാണ് പിടികൂടിയത്. ഇതിന് 5 കോടി പൗണ്ട് മൂല്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ക്ലാസ് എ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്നാണ് കൊക്കെയ്ന്‍. ലാന്‍ഡ് ചെയ്തയുടന്‍തന്നെ വിമാനത്തില്‍ പരിശോധന നടത്തിയ യുകെ ബോര്‍ഡര്‍ ഫോഴ്‌സ് പോലീസാണ് ഈ മയക്കുമരുന്ന് പിടിച്ചെടുത്തത്. രണ്ട് ബ്രിട്ടീഷുകാരും രണ്ട് സ്‌പെയിന്‍കാരും ഒരു ഇറ്റലിക്കാരനുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. മയക്കുമരുന്ന് കടത്തിന് ഇവരെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

നാഷണല്‍ ക്രൈം ഏജന്‍സി പോലെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി ചേര്‍ന്ന് രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബോര്‍ഡര്‍ ഫോഴ്‌സ് ഡെപ്യൂട്ടി ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക്ക് സ്റ്റീപ്പ്‌നി പറഞ്ഞു. വിമാനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നുകയും കൂടുതല്‍ പരിശോധനകള്‍ നടത്തുകയുമായിരുന്നു. പെട്ടികള്‍ തുറന്നപ്പോള്‍ അവയില്‍ പൊതികള്‍ കാണുകയും അവയില്‍ നിന്ന് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തുകയുമായിരുന്നു. ആദ്യ പരിശോധനയില്‍ത്തന്നെ അത് കൊക്കെയ്ന്‍ ആണെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
	
		

      
      



              
              
              




            
Leave a Reply