ജോജി തോമസ്
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏതുവിധേനയും അധികാരത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഗാലാന്റില്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജറുസലേം യാത്രാ വാഗ്ദാനവുമായി ബിജെപി രംഗത്ത്. ഹജ്ജ് തീര്‍ത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി നല്‍കി വന്ന സബ്സിഡി നിര്‍ത്തലാക്കിയ നടപടി രാഷ്ട്രീയ ഭേദമന്യേ നിഷ്പക്ഷമതികള്‍ സ്വാഗതം ചെയ്തിരുന്നതാണ്. പൊതുഖജനാവില്‍ നിന്നുള്ള പണം രാജ്യത്തിന്റെ വികസനത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ക്കുമാണ് വിനിയോഗിക്കേണ്ടതെന്നും അല്ലാതെ അമര്‍നാഥിലേയ്ക്കോ മക്കയിലേയ്ക്കോ ഉള്ള തീര്‍ത്ഥാടനത്തിനല്ലെന്നുമുള്ള പുരോഗമന വാദികളുടെ സാമാന്യ യുക്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് സ്വീകാര്യത നല്‍കിയത്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് ആരംഭിച്ചത്. ഇതിന്റെ ഉപഭോക്താക്കള്‍ പലപ്പോഴും സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവരായിരുന്നു. മാത്രമല്ല ഒരു മതേതര രാഷ്ട്രത്തില്‍ പൊതുഖജനാവിലെ പണം തീര്‍ത്ഥാടനത്തിനായി വിനിയോഗിക്കുന്നത് വിമര്‍ശന വിധേയമായിരുന്നു. എന്നാല്‍ നാഗാലാന്റിലെ ബിജെപി ഘടകം ഇതൊന്നുമറിയാതെയാണ് തെരഞ്ഞെടുപ്പു വാഗ്ദാനമായി സൗജന്യ ജെറുസലേം യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനസംഖ്യയില്‍ 80 ശതമാനത്തിലേറെ ക്രിസ്ത്യാനികള്‍ വരുന്ന നാഗാലാന്റില്‍ ഏതുവിധേനയും ഭരണം പിടിക്കുകയാണ് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലക്ഷ്യം.
ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇസ്രയേലിലെ പ്രമുഖ മാധ്യമമായ ജെറുസലേം പോസ്റ്റിലെ പ്രധാന വാര്‍ത്തയാണ്. വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നല്‍കിയ വാഗ്ദാനം പോലെയാണോ ഇതൊന്നുമാണ് ഇനിയും അറിയാനുള്ളത്.
Leave a Reply