ലണ്ടന്‍: അമേരിക്കന്‍ കളിപ്പാട്ട റീട്ടെയിലറായ ടോയ്‌സ് ആര്‍ അസിന്റെ യുകെ ശാഖകള്‍ അടച്ചുപൂട്ടലിലേക്ക്. ഫെബ്രുവരി 27നുള്ളില്‍ വാറ്റ് കുടിശികയായ 15 മില്യന്‍ പൗണ്ട് അടച്ചു തീര്‍ത്തില്ലെങ്കില്‍ കമ്പനിയെ അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുക്കും. അമേരിക്കയിലെ മാതൃ കമ്പനി ഡിസംബറില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയതിനാല്‍ ഡിസംബറില്‍ ഏറ്റെടുക്കലിന് സ്റ്റേ ലഭിച്ചിരുന്നു. യുകെയിലെ 26 സ്റ്റോറുകളില്‍ ഇപ്പോള്‍ അടച്ചുപൂട്ടലിനോടനുബന്ധിച്ച് ആദായ വില്‍പന നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ കുറഞ്ഞ വാടക മതിയെന്നും അറിയിച്ചു കഴിഞ്ഞതായാണ് വിവരം.

സ്റ്റോറുകള്‍ അടച്ചു പൂട്ടിയാല്‍ 3200 പേര്‍ക്ക് പ്രത്യക്ഷത്തില്‍ ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. 1985 മുതല്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കഴിഞ്ഞ ഏഴ് വര്‍ഷമായി നഷ്ടം നേരിടുകയാണ്. ഇതേത്തുടര്‍ന്ന് ഈ മാസം ആദ്യം കമ്പനി വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കണമെങ്കില്‍ 120 മില്യന്‍ പൗണ്ട് വേണ്ടിവരുമെന്ന് വിലയിരുത്തപ്പെടുന്നു. ആള്‍ട്ടേരി ഇന്‍വെസ്റ്റേഴ്‌സ്, എച്ച്എംവിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ദി എന്റര്‍ടെയിനര്‍ ആന്‍ഡ് ഹില്‍കോ ക്യാപ്പിറ്റല്‍ എന്നിവര്‍ നിക്ഷേപത്തിന് തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ 800ഓളം തൊഴിലാളികളെ കുറച്ചുകൊണ്ടുള്ള പരിഹാരമാണ് ഇവര്‍ നിര്‍ദേശിച്ചത്. ഇതിനൊപ്പം കളിപ്പാട്ടങ്ങളുടെ നിരയിലും കുറവ് വരുത്തേണ്ടി വരുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. കമ്പനിയുടെ ഭാവി ഉറപ്പാക്കാന്‍ നേതൃത്വം ഈ വാരാന്ത്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു.