ലണ്ടന്‍: അന്തരീക്ഷ താപനിലയിലുണ്ടായ വ്യതിയാനം ബ്രിട്ടനിലെ ശൈത്യത്തിന്റെ ദൈര്‍ഘ്യം കൂട്ടുമെന്ന് മെറ്റ് ഓഫീസ്. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയിലെ താപനിലയില്‍ പെട്ടെന്നുണ്ടായ മാറ്റം വായു പ്രവാഹങ്ങളെ ബാധിക്കുകയും ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള ശീതക്കാറ്റിനെ യുകെയിലേക്ക് തിരിച്ചു വിടുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായി ശൈത്യകാലം മാര്‍ച്ചിലേക്കും നീളും. 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്ന് കരുതിയ അന്തരീക്ഷ താപനില ഇതോടെ ഈയാഴ്ച വീണ്ടും കുറയുമെന്ന് ഉറപ്പായതായി മെറ്റ് ഓഫീസ് വക്താവ് ഒലി ക്ലേയ്ഡന്‍ പറഞ്ഞു.
ഉത്തരധ്രുവത്തിന് മുകളില്‍ 30 കിലോമീറ്ററോളം വരുന്ന പ്രദേശത്തെ അന്തരീക്ഷ പാളിയില്‍ പൊടുന്നനെ താപനില ഉയര്‍ന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പൊടുന്നനെയുണ്ടായ ഈ താപമാറ്റം ജെറ്റ് പ്രവാഹങ്ങളുടെ ശക്തി കുറച്ചു. നോര്‍ത്തേണ്‍ യൂറോപ്പിലെയും യുകെയിലെയും കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഈ പ്രവാഹങ്ങളെ ബാധിച്ചതോടെയാണ് ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള ശീത പ്രവാഹങ്ങള്‍ക്ക് യുകെയിലേക്ക് കടക്കാന്‍ വഴിയൊരുങ്ങിയത്.
ഈ കാലാവസ്ഥയ്ക്കു ശേഷം ബ്രിട്ടനില്‍ സാധാരണ മട്ടിലുള്ള കാറ്റും മഴയും ഉണ്ടാകും. നോര്‍ത്തേണ്‍ യൂറോപ്പിനു മുകളില്‍ ഉച്ചമര്‍ദ്ദപ്രദേശങ്ങള്‍ രൂപംകൊള്ളാന്‍ തുടങ്ങുകയും ചെയ്യും. അതിന് ശേഷം ഈയാഴ്ച മധ്യത്തോടെ കിഴക്കുനിന്നുള്ള വായുപ്രവാഹങ്ങള്‍ യുകെയില്‍ വീണ്ടും തണുത്ത കാലാവസ്ഥ തിരികെക്കൊണ്ടുവരും. ഈ വിധത്തില്‍ തണുത്ത കാലാവസ്ഥ മാര്‍ച്ച് ആദ്യവാരം വരെ നീണ്ടേക്കാമെന്നാണ് ക്ലേയ്ഡന്‍ വ്യക്തമാക്കിയത്.
Leave a Reply